തിരുവനന്തപുരം. നാടെങ്ങും ഓണ ഒരുക്കങ്ങളിലേക്ക് കടന്നെങ്കിലും വേവലാതിയിലാണ് ധനവകുപ്പ്. 19000 കോടി രൂപ ഓണ ചെലവുകൾക്ക് മാത്രം വേണ്ടി വരുമെന്നാണ് ധന വകുപ്പിന്റെ വിലയിരുത്തൽ.. കേന്ദ്രസർക്കാർ കനിഞ്ഞാൽ 11000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.. കേന്ദ്രം അവഗണിച്ചാൽ ഓണക്കാല ആഘോഷങ്ങളും പ്രതിസന്ധിയിലാകും..
ഒരു സാമ്പത്തിക വർഷാവസാനത്തെ ചിലവിന് സമാനമാണ്,സംസ്ഥാനത്ത് ഓണക്കാലത്തെ സർക്കാരിൻ്റെ ബാധ്യത. സർക്കാർ ജീവനക്കാർക്കുള്ള ഓണം ബോണസ്, അഡ്വാൻസ്, ആഘോഷങ്ങൾ, ഓണ ചന്ത, കിറ്റ്, ക്ഷേമ പെൻഷൻ തുടങ്ങി പട്ടിക നീളും.. 19000 കോടി രൂപ ഓണച്ചെലവുകൾക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക് കൂട്ടൽ. കടമെടുപ്പ് പരിധി ഏകദേശം അവസാനിച്ചു കഴിഞ്ഞു. കൂടുതൽ കടമെടുക്കണമെങ്കിൽ കേന്ദ്രസർക്കാർ കനിയണം..
കേന്ദ്രം അനുവദിച്ചാൽ ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് ഇനത്തിലെ 3323 കോടി രൂപ മെടുക്കാൻ കഴിയും.. ദേശീയപാത വികസനത്തിനായി ചെലവഴിച്ച 6000 കോടി രൂപ പൊതു കടത്തിൽ നിന്ന് മാറ്റിയിൽ, വീണ്ടും 6000 അധികമായി കടമെടുക്കാനാകും. ജി.എസ്.ഡി.പി ക്രമീകരിച്ചതിൽ കുറവ് വന്ന 1877 കോടിയും പ്രതീക്ഷിക്കുന്നുണ്ട്.. അങ്ങനെ 11180 കോടിയും വായ്പയെടുക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ഐ.ജി.എസ്.ടി ഇനത്തിൽ വെട്ടിക്കുറച്ച 965.16 കോടിയും കേരളം കേന്ദ്രത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പയും ഐ.ജി.എസ്.ടി വിഹിതവും ചേരുമ്പോൾ 12145.16 കോടിയാകും. ബാക്കി 6850 കോടി രൂപയിലധികം സംസ്ഥാനം സ്വന്തം നിലയിൽ സമാഹരിക്കണം.
കടം എടുക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സർക്കാരിന് ഓണക്കാല വാഗ്ദാനങ്ങൾ അവതാളത്തിലാകും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഓണക്കാലം എന്നതിനാൽ പ്രതിസന്ധി മറികടക്കുക സംസ്ഥാന സർക്കാരിന് നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്





































