23 വയസുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Advertisement

കോതമംഗലം. 23 വയസുകാരി സോനാ എല്‍ഡോസിന്‍റെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് കുടുംബത്തിന്റെ ആരോപണം. അന്വേഷണത്തിന് പ്രാത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ്

മകളുടെ ആത്മഹത്യ പ്രതി റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തെഴുതിയത്. മതപരിവർത്തനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മതപരിവര്‍ത്തനം സംബന്ധിച്ച് കേസെടുക്കാന്‍ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. റമീസ് മറ്റൊരു ബന്ധത്തിന് ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കവും മാനസിക സമ്മർദവുമാണ് സോനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ റമീസ് പെൺകുട്ടിയെ മർദിച്ചോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരു. ഇത് പരിശോധിച്ച ശേഷമാകും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.

അതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. റിമാൻഡിലുള്ള പ്രതി റമീസിനായി കസ്റ്റഡി അപേക്ഷ നൽകി. ഇയാളെ ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സാധ്യത. കേസിൽ പോലീസ് ഇടപെടൽ ഒളിച്ചുകളി വീണ്ടും നടത്തുന്നു എന്ന് ആരോപിച്ച് ബിജെപി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

Advertisement