ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ഐപിഎല്‍ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകിട്ട് നടക്കും.
സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബര്‍ 26ന് ഇന്ത്യബംഗ്ലദേശ് മത്സരവും കാര്യവട്ടത്തു നടക്കം. ഇതിനു പുറമേ ഒക്ടോബര്‍ 30ന് രണ്ടാം സെമിഫൈനലിനും കാര്യവട്ടം വേദിയൊരുക്കും. ടൂര്‍ണമെന്റിനു മുന്നോടിയായി സെപ്റ്റബര്‍ 25, 27 തീയതികളില്‍ സന്നാഹ മത്സരങ്ങളുമുണ്ട്.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് ഇന്നലെ മുംബൈയില്‍ തുടക്കമായിരുന്നു. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 50ാം കൗണ്ട് ഡൗണ്‍ ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐസിസി ചെയര്‍മാന്‍ ജയ് ഷാ തുടങ്ങിയവരും പങ്കെടുത്തു. 2017ല്‍ ഫൈനല്‍ കളിച്ചതാണ് വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
മത്സരക്രമം:സന്നാഹ മത്സരങ്ങള്‍:
സെപ്റ്റംബര്‍ 25: ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ്
സെപ്റ്റംബര്‍ 27: ഇന്ത്യ ന്യൂസിലന്‍ഡ്
ലോകകപ്പ് മത്സരങ്ങള്‍:
ഒക്ടോബര്‍ 3: ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക
ഒക്ടോബര്‍ 26: ഇന്ത്യ ബംഗ്ലാദേശ്
ഒക്ടോബര്‍ 30: രണ്ടാം സെമിഫൈനല്‍
































