ഓണ്‍ലൈന്‍ വഴിയുള്ള മദ്യവിതരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബവ്കോയ്ക്ക് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി എം.ബി.രാജേഷിന്‍റെ ഇടപെടല്‍. ബവ്കോ അംഗീകാരത്തിനായി സമര്‍പ്പിച്ച ശുപാര്‍ശയില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടിയുണ്ടാവില്ല. ബവ്കോ സ്വന്തംനിലയില്‍ ഓണ്‍ലൈന്‍ മദ്യവിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ ഒരു ഏജന്‍സിയുമായും യാതൊരു ചര്‍ച്ചയും നടത്താന്‍ പാടില്ല. സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഓണ്‍ലൈന്‍ വിതരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തിയാണ് ബവ്കോ എം.ഡിയോട് മന്ത്രി എം.ബി.രാജേഷിന്‍റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ മദ്യവിതരണ ചര്‍ച്ചകള്‍ സര്‍ക്കാരിന് ക്ഷീണം ചെയ്യുമെന്ന ഘടകകക്ഷികളുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.
































