വാർത്താ നോട്ടം

Advertisement

2025 ആഗസ്റ്റ് 12 ചൊവ്വ

BREAKING NEWS

👉കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ, ആൺ സുഹൃത്ത് റമീസിൻ്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും.

👉റമീസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി.തുടർ നടപടികൾ ഇന്ന് തുടങ്ങും

👉വാൽപാറയിൽ 8 വയസുള്ള ആൺകുട്ടിയെ ആക്രമിച്ചത് കരടിയെന്ന് വനം വകുപ്പും ഡോക്ടർമാരുടെ സംഘവും

👉വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റ് മാർട്ടം ഇന്ന്

👉കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചില്ല. നാട്ടുകാരുടെ ദുരിതം തുടരുന്നു.’

👉തൃശൂർ പൂങ്കുന്നത്ത് കള്ളവോട്ടെന്ന വീട്ടമ്മയുടെ ആരോപണം ശരി വെച്ച് മുൻ ബി എൽ ഒ രംഗത്ത്

👉 യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുമെന്ന് സെലൻസ്കിയുമായുള്ള ടെലിഫോൺ സംഭാഷത്തിൽ പ്രധാനമന്ത്രി

👉 കോഴിക്കോട് മൂന്ന് ഇടങ്ങളിൽ മോഷണശ്രമം

👉ഇടുക്കി ആനച്ചാലിൽ ഫർണിച്ചർ കട ഇന്ന് പുലർച്ചെ 2 മണിയോടെ കത്തിനശിച്ചു.

🌴കേരളീയം🌴

🙏ഓഗസ്റ്റ് 14 വിഭജന
ഭീതി ദിനമായി ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് അനുസരിച്ച് രാജ്ഭവനില്‍ നിന്ന് പദ്ധതികള്‍ പുറപ്പെടുവിക്കുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും തന്റെ പ്രസ്താവനയില്‍ പിണറായി വിജയന്‍ പറഞ്ഞു.

🙏 തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നിലവിലുള്ള എബിസി ചട്ടങ്ങള്‍ അപ്രായോഗികമാണെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനിത് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മാധ്യമങ്ങള്‍ അത് അവഗണിച്ചെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

🙏 ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. സര്‍ക്കാര്‍ നയം എക്സൈസ് മന്ത്രിയായ താന്‍ പറഞ്ഞു കഴിഞ്ഞുവെന്നും അതിന് മുകളില്‍ ഒരുദ്യോഗസ്ഥനും ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.

🙏 കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തില്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

🙏 വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. തട്ടിപ്പിനെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അഴിമതിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. നിലവില്‍ തൊണ്ടര്‍നാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

🙏 മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

🙏 ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു.

🙏 പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തല്‍. ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

🙏 സുരേഷ്ഗോപി തൃശൂരില്‍ ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതു വലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവര്‍ മാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.

🙏 പത്തനംതിട്ട കൂടലില്‍ യുവാവിനെ അയല്‍ക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൂടല്‍ പയറ്റുകാലായില്‍ താമസിക്കുന്ന 40 വയസ്സുള്ള രാജന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ അനിയാണ് കേസില്‍ പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി.

🇳🇪 ദേശീയം 🇳🇪

🙏 ദില്ലിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന് സുപ്രീം കോടതി ഉത്തരവ്. പിടൂകൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മൃഗസ്നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് കോടതി ചോദിച്ചു.

🙏 ഇസാഫ് ബാങ്കിന്റെ ജബല്‍പൂരിനടുത്ത് ഖിറ്റോള ശാഖയില്‍ പട്ടാപകല്‍ വന്‍ കൊള്ള. ആറ് പേരടങ്ങിയ ആയുധധാരികളായ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കില്‍ നിന്ന് 14875 ഗ്രാം സ്വര്‍ണവും 5.7 ലക്ഷം രൂപയും കവര്‍ന്നു. കൊള്ളയ്ക്ക് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സംഘം ഇവിടെ നിന്നും കടന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ഇവര്‍ ഹെല്‍മറ്റ് വച്ച് മുഖം മറച്ചിരുന്നു.

🙏 തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃത്രിമത്വം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

🙏 വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോണ്‍ഗ്രസ്. രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വോട്ടര്‍ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം.

🙏 യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വമ്പന്‍ പരിഷ്‌കരണവുമായി ഇന്ത്യന്‍ റെയില്‍വെ. ഇതിനോടകം രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചു. ഇതില്‍ 1149 എണ്ണം കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വെ സോണിലാണ്. വെസ്റ്റേണ്‍ റെയില്‍വെ സോണില്‍ 1679 സിസിടിവികളും മധ്യ റെയില്‍വെ സോണില്‍ 1320 സിസിടിവികളും ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 1131 സിസിടിവികളും നോര്‍ത്തേണ്‍ റെയില്‍വെ സോണില്‍ 1125 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇺

🙏 ചില റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എയര്‍ ഇന്ത്യ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദില്ലിക്കും വാഷിംഗ്ടണ്‍ ഡിസിക്കും ഇടയിലുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. പ്രവര്‍ത്തന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

🙏 ഫിലിപ്പീന്‍സ് കപ്പലിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആള്‍നാശം ഉണ്ടായതായി വിവരമില്ല. എങ്കിലും ചൈനയുടെ രണ്ട് കപ്പലുകള്‍ക്കും കേടുപാടുകളുണ്ടായി.

🙏 അമേരിക്കയിലെ ടെക്സാസിലെ സാരമായി ബാധിച്ച വെള്ളപ്പൊക്കത്തില്‍ പുറത്ത് വന്നത് പതിന്നൊര കോടിയിലേറെ വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാട്. ടെക്സാസിലെ നോര്‍ത്ത് വെസ്റ്റ് ട്രാവിസ് കൗണ്ടിയിലാണ് അപൂര്‍വ്വ കണ്ടെത്തലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ബിഗ് സാന്‍ഡി ക്രീക്ക് മേഖലയിലാണ് ഈ കണ്ടെത്തല്‍.

🙏 അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയെയും പാകിസ്ഥാനെയും ഉപമിച്ച പാക് സൈനിക മേധാവി അസിം മുനീറിന്റെ പ്രസ്താവന വൈറല്‍. ഫ്ലോറിഡയില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യയെ തിളങ്ങുന്ന മെഴ്സിഡസിനോടും പാകിസ്ഥാനെ ചരല്‍ നിറച്ച ട്രക്കിനോടുമാണ് അസിം മുനീര്‍ ഉപമിച്ചത്.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് മോദിയോട് വിശദീകരിച്ചു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയോട് ചൂണ്ടിക്കാട്ടിയതായി സെലന്‍സ്‌കി വ്യക്തമാക്കി.

🙏 ഇന്ത്യന്‍ സേനയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ തസ്തികയില്‍ പുരുഷ-വനിതാ ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 2:1 സംവരണ നയം സുപ്രീം കോടതി റദ്ദാക്കി. ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യാനോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ നടപടി ഏകപക്ഷീയവും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി.

🏏കായികം 🏑

🙏 നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍ ലോക്സഭയില്‍ പാസ്സായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്

Advertisement