കോഴിക്കോട്. നിമിഷപ്രിയ കേസിൽ കാന്തപുരത്തിന്റെയും യമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിന്റെയും ഇടപെടലുകളെ നിഷേധിച്ചു കൊണ്ടും വധശിക്ഷ റദ്ദാക്കിയ അറിയിപ്പിനെ നിഷേധിച്ചു കൊണ്ടുമുള്ള തലാലിന്റെ സഹോദരൻ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വാദങ്ങളെ തള്ളിക്കൊണ്ട് ‘തലാൽ ആക്ഷൻ കൗൺസിൽ’ സ്പോക്ക് പേഴ്സണായിരുന്ന യമൻ ആക്ടിവിസ്റ്റ് ‘സർഹാൻ ഷംസാൻ അൽ വിസ്വാബി’ രംഗത്ത് വന്നു.
മത പണ്ഡിതന്മാരുടെ ഉന്നത ഇടപെടലിലൂടെ വധശിക്ഷ റദ്ദ് ആയിട്ടുണ്ടെന്നും നിമിഷപ്രിയയുടെ മോചനത്തിലേക്കുള്ള വഴികൾ തുറക്കുന്നുണ്ടെന്നുമാണ് സർഹാൻ ഷംസാൻ വിസ്വാബി ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നത്. ഫത്താഹ് പുറത്തുവിടുന്ന വിവരങ്ങളും രേഖകളും ആധികാരികമല്ലെന്നും വ്യാജമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ഒരു യമനി എന്ന നിലയിൽ ഖിസാസ് അഥവാ പ്രതികാര കൊല നടപ്പിലാക്കണം ആണെന്നാണ് തന്റെ ആഗ്രഹം എന്നും സർഹാൻ ശംസാൻ പറയുന്നുണ്ട്. പക്ഷേ സൂഫി പണ്ഡിതരുടെ ഇടപെടലിലൂടെ അതിനുള്ള സാധ്യത ഇല്ലാതായിരിക്കുന്നു എന്നും സർഹാൻ ഉറപ്പിച്ചു പറയുന്നു. അതെ സമയം, കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ സൂഫി പണ്ഡിതർ തലാലിന്റെ പിതാവുമായി നടത്തിയ ചർച്ച വിജയകരമാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കേസിലെ ഇതുവരെയുള്ള നടപടി ക്രമങ്ങളിൽ പ്രായാധിക്യം ഉള്ള പിതാവിന്റെ പവർ ഓഫ് അറ്റോണിയോടെ കോടതിയിൽ ഇടപെട്ടിരുന്ന ഫത്താഹ് മഹതി തടസ്സം നിൽക്കുന്നതു കൊണ്ട് നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് വൈകാതെ തന്നെ മറികടക്കും എന്നും അറിയുന്നു.
ഇന്ത്യയിൽ നിന്നു തന്നെയുള്ള ചിലരുടെ ഇടപെടലുകളും സാമ്പത്തിക താൽപര്യങ്ങളുമാണ് ഇപ്പോൾ നേരിടുന്ന തടസ്സങ്ങൾക്കു പിന്നിൽ. മലയാളം വാർത്തകളും മറ്റും ചിലർ ഫത്താഹ് മഹ്തിക്ക് കൃത്യമായി എത്തിച്ചുകൊടുക്കുകയും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.





































