സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന തെരുവുനായ ആക്രമണത്തിൽ 21 പേർക്ക് കടിയേറ്റു. കാസർഗോഡ് മഞ്ചേശ്വരത്ത് വീടിനു സമീപം വെച്ചാണ് എട്ടുവയസ്സുകാരനെ നായ ആക്രമിച്ചത്. കോഴിക്കോട് വളയം – വാണിമേലിൽ ഇന്ന് മൂന്നു പേർക്ക് കടിയേറ്റു. ആളുകളെ ആക്രമിച്ച തെരുവുനായ ചത്തു.
മഞ്ചേശ്വരം മച്ചമ്പാടി കോടിയിൽ മഹ്മൂദിന്റെ മകൻ മുഹമ്മദ് ഐലിന് നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്… വീട്ടിൽനിന്ന് അടുത്ത വീട്ടിലേക്ക് പോവുകയായിരുന്ന എട്ടുവയസ്സുകാരനെ നായ ആക്രമിക്കുകയായിരുന്നു. പരു ക്കേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഡാജെ ചൗക്കിയിൽ മുസ്തഫയുടെ കൈക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
കോഴിക്കോട് വളയം വാണിമേലിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പ്രദേശത്ത് ഇന്നലെയും ഇന്നുമായി 19 പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവർ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ചേടിയാല മുക്കിൽ ഇന്ന് മൂന്നു പേരെ കടിച്ച ശേഷം കാണാതായ നായയെ ചത്ത നിലയിൽ കണ്ടെത്തി.






































