ഓണ്‍ലൈന്‍ മദ്യ വില്‍പന: നടപടികളുമായി ബെവ്‌കോ മുന്നോട്ട്, ആപ്പ് 10 ദിവസത്തിനകമെന്ന് ഹര്‍ഷിത അട്ടല്ലൂരി, എംഡിയെ തള്ളി മന്ത്രി എം ബി രാജേഷ് , കിട്ടുമോ മദ്യം ഓൺലൈനിൽ?

Advertisement

തിരുവനന്തപുരം: ഓൺലൈൻ മദ്യവില്പനയെ ചൊല്ലി മന്ത്രി എംഡി തർക്കം. സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട് എന്ന് എംഡി ഹർഷിത അട്ടല്ലൂരി. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്. ഇക്കാര്യത്തിൽ എംഡിയെ തള്ളി വകുപ്പ് മന്ത്രി രംഗത്ത് എത്തിയതോടെ അനിച്ഛിതത്ത്വം തുടരുന്നു.

സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും എന്നും ബെവ്‌കോ എംഡി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആധുനികവത്കരണത്തിലൂടെ ബെവ്‌കോ പ്രാധാന്യം നല്‍കുന്നത് വില്‍പന ഉയര്‍ത്തലും, ഉപഭോക്താക്കളുടെ സൗകര്യവുമാണ്. ഓണ്‍ലൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കുമ്പോള്‍ സര്‍ക്കാരിന് വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓണ്‍ലൈന്‍ വില്‍പനയ്ക്കായി പ്രത്യേക ആപ്പ് ബെവ്കോ തയ്യാറാക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ പത്ത് ദിവസത്തിനകം തയ്യാറാകും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറിയുമായി മുന്നോട്ട് പോകും. അല്ലാത്തപക്ഷം ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പില്‍ പോയി ക്യൂ ഒഴിവാക്കി മദ്യം വാങ്ങാന്‍ സാധിക്കുമെന്നും ബെവ്‌കോ എംഡി പറഞ്ഞു.

എന്നാൽ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ മദ്യനയ രൂപീകരണ സമയത്തും ഈ പ്രപ്പോസല്‍ ബെവ്‌കോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം അതു പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പല പ്രപ്പോസലുകളും ബെവ്‌കോയുടെ ഭാഗത്തു നിന്നും മറ്റും വരാറുണ്ട്. നയരൂപീകരണസമയത്ത് ഒട്ടേറെ കാര്യങ്ങള്‍ നിര്‍ദേശങ്ങളായി വരും. അതെല്ലാം ചര്‍ച്ച ചെയ്താണ് നയം രൂപീകരിക്കുന്നത്. ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന് അകത്തു നിന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. വീര്യം കുറഞ്ഞ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട്, നികുതി ഘടന നിശ്ചയിച്ച്‌ കിട്ടേണ്ടതുണ്ട്. അത് ധനവകുപ്പിന്റെ പരിഗണനയിലാണ്. നികുതി ഘടനയില്‍ തീരുമാനമായിക്കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാവുന്നതാണ്. മന്ത്രി പറഞ്ഞു.

കേരളത്തില്‍ പൊതുവെ യാഥാസ്ഥിതിക സമീപനമാണ് പൊതുവെ എല്ലാക്കാലത്തും പുലര്‍ത്തിക്കാണുന്നതെന്ന് ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. മറ്റു പല കാര്യങ്ങളിലുമുള്ളതുപോലുള്ള യാഥാസ്ഥിതികത്വമോ, ഇരട്ടത്താപ്പോ ഇക്കാര്യങ്ങളില്‍ പലരും പുലര്‍ത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇതൊക്കെ നടപ്പാക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ തന്നെ ഇവിടെ നടപ്പാക്കിയാല്‍ അനുകൂലിക്കാറില്ല. ഇത്തരം കാര്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനം, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്ന സമീപനം സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

Advertisement