തിരുവനന്തപുരം .കുടുക്കാൻ ശ്രമിച്ചവർക്കെതിരെ തുറന്നടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. വെള്ളിനാണയങ്ങൾക്കുവേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് എത്തിക്കാൻ ചിലർ ശ്രമിച്ചെന്ന് ഹാരിസ് ചിറക്കൽ പറഞ്ഞു. അവർക്ക് കാലം മാപ്പ് നൽകട്ടെ എന്ന് പറയുന്ന സന്ദേശം KGMCTAയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡോക്ടർ ഹാരിസ് പങ്കുവെച്ചു. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഭരണതലപ്പത്തിരിക്കുന്ന സൂപ്രണ്ട് അടക്കമുള്ളവരെ KGMCTA പുറത്താക്കി.
ആരോടും പരാതിയും പരിഭവവും ഇല്ലെന്ന് ഹാരിസ് ചിറക്കൽ പറയുമ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും തന്നെ കുടുക്കാൻ ശ്രമിച്ചതായി ആണ് ഡോക്ടർ പറഞ്ഞു വയ്ക്കുന്നത്. ആർക്കെതിരെയും പരാതിയുമായി മുന്നോട്ടുപോകില്ല. പക്ഷേ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം ഞെട്ടിച്ചെന്ന് ഹാരിസ് ചിറക്കൽ പറഞ്ഞു. വെള്ളിനാണയങ്ങളെ എല്ലാവർക്കും അറിയാമല്ലോ എന്നും ഡോ. ഹാരിസ്
കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിൽ അയക്കാൻ ശ്രമിച്ചെന്ന് KGMCTAയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഹാരിസ് ചിറക്കൽ സന്ദേശം അയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് ഭരണ തലപ്പത്തിരിക്കുന്നവരുടെ ചില ഇടപെടലുകൾ വിഷമം ഉണ്ടാക്കി
ഇതിനിടെ KGMCTA യുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് DME- മെഡിക്കൽ കോളേജ് സൂപ്രണ്ട്- പ്രിൻസിപ്പൽ എന്നിവരെ ഒഴിവാക്കി. ഭരണ തലപ്പത്തിരിക്കുന്നവർ ഗ്രൂപ്പിൽ വേണ്ടെന്ന അഭിപ്രായത്തെ തുടർന്നാണ് മൂവരെയും ഒഴിവാക്കിയത്. ഭരണപരമായ ചുമതലകൾ അവസാനിക്കുന്ന മുറക്ക് വീണ്ടും ഉൾപ്പെടുത്താമെന്നുമാണ് തീരുമാനം.

































