ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമംഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എല്‍ദോസിന്റെ മരണത്തില്‍ സുഹൃത്ത് റമീസിനെതിരെ വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകളില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്.
റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് മതം മാറണമെന്ന് നിര്‍ബന്ധിച്ചു. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പില്‍ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. റമീസിന്റെ വീട്ടുകാരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement