കൊട്ടാരക്കര.കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുന്നിക്കോട് വിളക്കുടിക്ക് സമീപമാണ് അപകടമുണ്ടായത്. സമീപത്തെ പാഴ്സൽ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായ കാവൽപ്പുര സ്വദേശി അഖിലാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരം.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും പുനലൂർ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന അഖിൽ സഞ്ചരിച്ച സ്കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്. മുന്നിൽ സഞ്ചരിച്ച മറ്റൊരു സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ലോറി അഖിലിനെ ഇടിച്ചിട്ടത്.
അഖിൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പൂർണമായും തകർന്നു. പരിക്കേറ്റ അഖിലിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവർ കലയപുരം സ്വദേശി രാഹുലിനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.





































