തിരുവനന്തപുരം. എം പി മാർ ഉൾപ്പടെ സഞ്ചരിച്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരലാൻഡിംഗ് നടത്തിയതിൽ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ എം പി. ഡിജിസിഎ യോട് അന്വേഷണം ആവശ്യപ്പെട്ടു. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ ആയതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടൽ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയിൽ ഇറക്കേണ്ടി വന്നതെന്നാണ് എയർ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. കേരളത്തിൽ നിന്നുള്ള എം പി മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എം പി റോബർട്ട് ബ്രൂസ് എന്നിവർ സഞ്ചരിച്ച വിമാനം ഇന്നലെ രാത്രിയാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. പ്രത്യേക വിമാനത്തിൽ ആണ് യാത്രക്കാരെ ഡൽഹിയിൽ എത്തിച്ചത്





































