ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്നു കാണിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് നടപടി. കാരണം കാണിക്കൽ നോട്ടീസും 15 ദിവസം ജോലിയിൽ നിന്നു മാറി നിൽക്കാനും ആശുപത്രി സൂപ്രണ്ട് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ആശുപത്രിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ് കുമാർ. ഇൻക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവർക്ക് കാണിച്ചു കൊടുത്തത്.
കരിപ്പൂർ സ്വദേശിയായ 28കാരി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. 4 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ആർഡിഒ വന്ന് ഇൻക്വസ്റ്റ് നടത്താനായാണ് ജില്ലാ ആശുപത്രിയി മോർച്ചറിലെ ഫ്രീസറിൽ സൂക്ഷിച്ചത്. ആശുപത്രി കാന്റീൻ നടത്തുന്നയാൾക്കും ബന്ധുക്കൾക്കുമാണ് സുരേഷ് മൃതദേഹം തുറന്നു കാണിച്ചു കൊടുത്തത്. യുവതി ഭർതൃ ഗൃഹത്തിലാണ് മരിച്ചത്.
ജില്ലാ ആശുപത്രിയിൽ മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കുന്ന ചുമതല നഴ്സിങ് സ്റ്റാഫിനാണ്. എന്നാൽ താൻ അറിയാതെയാണ് സുരേഷ് താക്കോൽ എടുത്തു കൊണ്ടു പോയത് എന്നാണ് നഴ്സിങ് സ്റ്റാഫ് പറയുന്നത്.
































