കുളക്കട. വിദേശത്ത് നിന്നും നാട്ടിലേക്കെത്തിയ മലയാളി കുടുംബത്തിന്റെ സാധന സാമഗ്രികൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയതായ് പരാതി. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ കുളക്കട സ്വദേശികളുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായത്.
ഇക്കഴിഞ്ഞ ജൂലൈ 23നാണ് കുളക്കട സ്വദേശി ബിജോയി ഭാര്യക്കും മകനും ഒപ്പം അയർലണ്ടിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽ നിന്നും 4 ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് 3 ബാഗേജുകൾ മാത്രം. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയി പരാതി നൽകി. ഒടുവിൽ 30 ന് ഇൻഡിഗോ പ്രതിനിധികൾ നേരിട്ട് ബാഗേജ് എത്തിച്ചു. പക്ഷെ, 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം. വിലപിടിപ്പുള്ള പലതും നഷ്ടമായി
പുറപ്പെട്ടപ്പോൾ തൂക്കം 28 കിലോ ആയിരുന്നത് നാട്ടിലെത്തിയപ്പോൾ 15 കിലോയായി കുറഞ്ഞതിൽ കൃത്യമായ മറുപടി ഇൻഡിഗോ അധികൃതർക്കുമില്ല. അന്വേഷണം നടക്കുകയാണെന്നാണ് വിമാന അധികൃതരുടെ മറുപടി.
സംഭവം ചൂണ്ടിക്കാട്ടി കേരള പൊലീസിനും ബിജോയ് പരാതി നൽകി കഴിഞ്ഞു. പുത്തൂർ പോലീസാണ് അന്വേഷിക്കുന്നത്.


































