വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 11 തിങ്കൾ

BREAKING NEWS

👉ഓഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം സർവ്വകലാശാലകളിൽ ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലർ വിവാദമാകുന്നു.

👉മലപ്പുറത്ത് കടലിൽ കുടുങ്ങിയ ബോട്ടിന് സഹായം ലഭിച്ചില്ലെന്ന പരാതിയുമായി മത്സ്യതൊഴിലാളികൾ

👉 കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിലേക്ക് അയക്കാൻ ശ്രമിച്ചതായി ഡോ ഹരീസ്സ് ഹസൻ

👉 തങ്ങൾ പോലും അറിയാതെ ആറ് കള്ളവോട്ടുകൾ സ്വന്തം മേൽവിലാസത്തിൽ ചേർത്തെന്ന് തൃശൂർ പൂങ്കുന്നത്തെ വീട്ടമ്മ

👉 ചെന്നൈയിൽ എയർ ഇന്ത്യാ വിമാനം അടിയന്തിര ലാൻറിംഗ് നടത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

👉ഇന്ത്യ അണക്കെട്ട് പണിതാല്‍ മിസൈല്‍ വിട്ട് തകര്‍ക്കും; ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

👉 തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

👉ഫ്ലോറിഡയില്‍ അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് അസിം മുനീറിൻ്റെ പ്രതികരണം.

👉യുഎസ്സുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് അസിം മുനീറിൻ്റെ പ്രകോപനപരമായ പ്രസ്താവനകള്‍.

🌴കേരളീയം🌴

🙏 തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. എംപിമാരായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, തമിഴ്നാട്ടില്‍ നിന്നുള്ള റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം 160 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

🙏 ഓണ്‍ലൈന്‍ മദ്യവില്‍പ്പന സംസ്ഥാനത്ത് പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

🙏 കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകള്‍ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

🙏 കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓഫീസില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

🙏 രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലെ ഛത്തീസ്ഗഡില്‍ വീണ്ടും ബജ്റംഗ്ദള്‍ പ്രതിഷേധം. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കെതിരെയാണ് ബജ്റംഗ്ദള്‍ പ്രതിഷേധവുമായി എത്തിയത്. ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെച്ചതെന്നാണ് വിവരം.

🙏 പൊലീസ് വാഹനങ്ങള്‍ അംഗീകൃതമല്ലാത്ത വര്‍ക് ഷോപ്പുകളില്‍ വ്യാപകമായി അറ്റകുറ്റപണി നടത്തുന്നുവെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വാഹനങ്ങള്‍ പരിപാലിക്കുന്നതില്‍ മോട്ടോര്‍ ടെക്നിക്കല്‍ വിഭാഗത്തിന് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ട്. കൊല്ലം എ ആര്‍ ക്യാമ്പിലെ വാഹന അറ്റകുറ്റപ്പണികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു.

🙏 ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവില്‍ തെളിവുകള്‍ ഇല്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു.

🇳🇪 ദേശീയം 🇳🇪

🙏 ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കും.

🙏 വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുല്‍, തന്റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിനായി വോട്ട്ചോരി.ഇന്‍ ( votechori.in )എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്റെ പ്രചാരണം. .

🙏 വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖയല്ലെന്ന് കമ്മീഷന്‍ പറയുന്നു. ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുന്‍ റാണി രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നല്‍കണമെന്നും കമ്മീഷന്‍ പറയുന്നു.

🙏 ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തില്‍ മിന്നല്‍ പ്രളയം നാശം വിതച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണര്‍ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ച് ഈ തുക പര്യാപ്തമല്ലെന്നാണ് പരാതി.

🙏 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേര്‍ തന്നെ സമീപിച്ചെന്നും സംസ്ഥാനത്തെ 288 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍സിപിയും കോണ്‍ഗ്രസുമടങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വെളിപ്പെടുത്തി.

🙏 ദില്ലിയിലെ സിബിസിഐ ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് പൊലീസ് കാവല്‍. മുന്‍കൂട്ടി അറിയിപ്പില്ലാതെയാണ് പൊലീസ് കാവലെന്ന് സിബിസിഐ ഡെപ്യൂട്ടി സെകട്ടറി ഫാദര്‍ മാത്യു കോയ്ക്കല്‍ കുറ്റപ്പെടുത്തി.

🙏 ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നില്‍ മേക്ക് ഇന്‍ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാങ്കേതിക വിദ്യയുടെ വിജയമാണ് കണ്ടത്. അതിര്‍ത്തി കടന്ന് കിലോ മീറ്ററുകള്‍ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ നമ്മുടെ സേനയ്ക്കായി എന്നും ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിക്കാന്‍ നമ്മുടെ സേനയ്ക്ക് കഴിഞ്ഞെന്നും നരേന്ദ്രമോദി ബെംഗളൂരുവില്‍ പറഞ്ഞു.

🙏 ഇന്ത്യാ പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട്, പാക്കിസ്ഥാന്‍ നടത്തുന്ന അവകാശവാദത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. യുദ്ധത്തില്‍ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ലെന്നും പാക് മേധാവിക്ക് ഫീല്‍ഡ് മാര്‍ഷല്‍ മേധാവി പദം ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന വിവരമെന്നും ദ്വിവേദി പരിഹസിച്ചു.

🇦🇽അന്തർദേശീയം🇦🇴

🙏 പാകിസ്താന്‍ ആണവരാഷ്ട്രമാണെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതിയും ഒപ്പം തകര്‍ക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍ പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നും സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു.

🙏 ചൈനയില്‍ ഭാവി വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നയതന്ത്ര വിദഗ്ധന്‍ ലി ജിയാന്‍ഷോ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിദേശ സന്ദര്‍ശനത്തിന് ശേഷം ജൂലൈ അവസാനത്തോടെ ചൈനയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ലിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു ‘സര്‍വ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയര്‍ച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.

🙏 ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

🙏 ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. യുദ്ധം മൂലം ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയില്‍, ഈ നടപടി സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും വെടിനിര്‍ത്തലിനുള്ള ശ്രമങ്ങളെ തകര്‍ക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുനല്‍കി.

🏏 കായികം 

🙏 ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ സ്വര്‍ണനേട്ടവുമായി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. സീസണിലെ മികച്ച ദൂരമായ 8.13 മീറ്റര്‍ ദൂരം അവസാന ശ്രമത്തില്‍ കണ്ടെത്തിയാണ് മലയാളി താരത്തിന്റെ നേട്ടം.

🙏 ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ഇംഗ്ലീഷ് ക്ലബ്ബ് ക്രിസ്റ്റല്‍ പാലസിന് കമ്യൂണിറ്റി ഷീല്‍ഡ് കിരീടം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ഷൂട്ടൗട്ടില്‍ സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയതോടെ ക്രിസ്റ്റല്‍ പാലസ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

Advertisement