തിരുവനന്തപുരം. സാമൂഹിക നന്മയ്ക്കായി തന്റെ കർമ്മമണ്ഡലം ഫലപ്രദമായി വിനിയോഗിക്കുന്ന വ്യക്തികൾക്ക് വിദ്യാധിരാജ വിശ്വകേന്ദ്രം ഏർപ്പെടുത്തിയ ശ്രീവിദ്യാധിരാജ കർമ്മശ്രേഷ്ഠ പ്രഥമ പുരസ്കാരം എൻ.എസ്.എസ്. വൈസ് പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റുമായ എം.സംഗീത് കുമാറിന് സമ്മാനിക്കും.
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ ജന്മസ്ഥാന ക്ഷേത്രവും, പഠന ഗവേഷണ കേന്ദ്രവും യാഥാർത്ഥ്യമാക്കുന്നതിന് ശക്തമായ നേതൃത്വം നൽകിയതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിത പുരോഗതിക്ക് സമൂഹ വിവാഹം,സാമ്പത്തിക സഹായം, ആരോഗ്യ – വിദ്യാഭ്യാസ സഹായം ഉൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ തൻ്റെ കർമ്മമണ്ഡലത്തിൽ പതിറ്റാണ്ടുകളായി പ്രാവർത്തികമാക്കി വരുന്നതും മുൻനിർത്തിയാണ് പുരസ്കാരം.
ഓഗസ്റ്റ് 21ന് നടക്കുന്ന വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ നാല്പതാം വാർഷിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ, ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻപിള്ള, വൈസ് പ്രസിഡന്റ് ശ്രീ.എസ്.എസ്.മനോജ്, ട്രഷറർ തിരുമല പി.ശശികുമാർ, ജനറൽ കൺവീനർ ജി.എസ്.മഞ്ജു എന്നിവർ പറഞ്ഞു.
സമ്മേളനം സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മന്ത്രിമാരായ എം.വിജയകുമാർ, വി.എസ്.ശിവകുമാർ, രാജീവ് ചന്ദ്രശേഖർ, പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, കമലാലയം സുകു, എസ്.ആർ.കൃഷ്ണകുമാർ തുടങ്ങിയവർ അനുമോദന പ്രഭാഷണങ്ങൾ നടത്തും.
സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്ന് കൺവീനർമാരായ അഡ്വ. സതീഷ് വസന്ത്, ഹരികുമാർ, ഷാജി കുര്യാത്തി, പള്ളിച്ചൽ ഗോപകുമാർ എന്നിവർ പറഞ്ഞു.






































