ആലപ്പുഴ. മാവേലിക്കരയിൽ പാലം നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ
രണ്ടു തൊഴിലാളികൾ മരിച്ച സംഭവത്തിൽ പുതുമരാമത്ത് വകുപ്പിന്റെ നടപടി. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താൻ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് .നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നിത്തല – ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽപ്പതിച്ച് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ മന്ത്രി പി എ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തിയിരുന്നു.വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിനു പിന്നാലെയാണ് നടപടി.പാലം നിര്‍മ്മാണ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.
മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത കാർത്തികേയൻ ദമ്പതികളുടെ മകൻ ഇരുപത്തിനാലു
കാരൻ രാഘവ് കാർത്തിക്, തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി -അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
































