പോലീസ് കാവലില്‍ പരസ്യ മദ്യപാനം, കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

Advertisement

തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് അബ്കാരി നിയമപ്രകാരമാണ് കേസെടുത്തത്.

കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ കഴിയാതെ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നും നേരത്തെ തലശേരി പൊലീസ് പറഞ്ഞിരുന്നത്.
എന്നാല്‍, കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കണ്ണൂരില്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണല്‍ ജില്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കാടതിയില്‍നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ കോടതിക്ക് സമീപമുള്ള ഹോട്ടല്‍ മുറ്റത്ത് വെച്ച് പൊലീസിനെ കാവല്‍നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Advertisement