ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദർശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്‍റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.
എന്നാൽ ഏതുതരത്തിലുള്ള കരാർ ലംഘനമാണ് കേരള സർക്കാർ നടത്തിയതെന്ന കാര്യം ഈ സന്ദേശത്തിൽ വ്യക്തമല്ല.
മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീനാ ഫുട്ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഈ വർഷം അർജന്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്റ്റംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈവർഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാൻ താത്പര്യമുള്ളൂ. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.
































