തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുമെന്ന് സൂചന. വിവാദങ്ങൾക്ക് പിന്നാലെ ഹാരിസ് അവധിയിൽ പോയിരുന്നു.
അതിനിടെ ഹാരിസിനെ സംശയത്തിന്റെ മുനയിൽ നിർത്തിക്കൊണ്ടുള്ള മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്ന് നടത്തിയ വാർത്താസമ്മേളനം വിവാദമായിരുന്നു. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് ഹാരിസിനെതിരായി നീക്കങ്ങൾ നടത്തുകയാണെന്ന സംശയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതെന്നതിൽ അന്വേഷണം തുടരുകയാണ്.
അതിനിടെ, വ്യക്തിപരമായി തന്നെ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി ഡോ. ഹാരിസ് പറയുന്നു. ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി. ഔദ്യോഗിക രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണമെന്നും ഡോ ഹാരിസ് പറഞ്ഞു. കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ക്ക് നല്‍കിയ കുറിപ്പിലായിരുന്നു ഹാരിസിന്റെ ആരോപണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോ മുറിപൂട്ടിയതെന്ന് സംശയമുണ്ടെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
































