പത്തനംതിട്ട: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ പത്തനംതിട്ട പുല്ലാട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. സംശയത്തെ തുടർന്നാണ് പ്രതി ജയകുമാർ ഭാര്യ ശ്യാമയെ കുത്തികൊന്ന ശേഷം ഭാര്യ പിതാവിനെയും ബന്ധുവിനെയും ആക്രമിച്ചത്. ഒളിവിൽ പോയ പ്രതിയെ നാലാം ദിവസം പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഭാര്യയെ കുത്തി കൊലപ്പെടുത്തി മൂന്ന് പെൺകുഞ്ഞുങ്ങളെ അനാഥരാക്കിയ ജയകുമാറിന് നേരെ നാട്ടുകാരും ബന്ധുക്കളും പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് തിരുവല്ല ഡിവൈഎസ്പിയും സംഘവും തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടുവഴക്കിനൊടുവിൽ ഭാര്യ ശ്യാമയെ ജയകുമാർ കുത്തിക്കൊന്നത്. തടയാൻ ശ്രമിച്ച ഭാര്യ പിതാവ് ശശിയെയും ബന്ധു രാധാമണിയെയും കുത്തിപ്പരിക്കേൽപ്പിച്ചു. അവർ ഇപ്പോഴും കോട്ടയം മെഡി. കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു.
മീശ വടിച്ച് രൂപം മാറി നടന്ന പ്രതിയെ ഒടുവിൽ തിരുവല്ല നഗരത്തിൽ നിന്നാണ് പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പക്ഷേ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്ന പ്രതി ജയകുമാർ പൊലീസിനെ ഇപ്പോഴും വട്ടംകറക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാനാണ് കോയിപ്രം പൊലീസിൻറെ തീരുമാനം.


































