ആർത്തലച്ചു വരുന്ന തിരകളെ പേടിക്കേണ്ട; മുട്ടത്തറയിൽ 332 കുടുംബങ്ങൾക്ക് പ്രീമിയം ഫ്ലാറ്റുകൾ നൽകി സർക്കാർ

Advertisement

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുളള തീരദേശ പാർപ്പിട പദ്ധതിയായ പുനർഗേഹം വഴി തിരുവനന്തപുരം മുട്ടത്തറയിൽ സർക്കാർ പണിത 332 ഫ്ലാറ്റുകൾ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഭൂമി വില കഴിച്ച് ഇരുപത് ലക്ഷം രൂപ ചെലവിലാണ് ഓരോ ഫ്ലാറ്റും നിർമിച്ചത്.

രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ചു വരുന്നത്. വിട്ടുവീഴ്ചയില്ലാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പദ്ധതികൾ പ്രാവർത്തികമാക്കി സർക്കാർ മുന്നോട്ടു പോകും.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു കരാർ. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻ കുട്ടി, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സർക്കാർ നേരത്തെ പണികഴിപ്പിച്ച് കൈമാറിയ ഫ്ലാറ്റുകളിൽ ചോർച്ചയെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം തൊഴിലാളികൾ സമീപത്ത് പ്രതിഷേധിച്ചു.

Advertisement