നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; നടി മിനു മുനീറിന്‍റെ അഭിഭാഷകൻ അറസ്റ്റിൽ

Advertisement

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീറിന്‍റെ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. ബാലചന്ദ്രമേനോന്‍റെ പരാതിയില്‍ നേരത്തെ മിനു മുനീറിന്‍റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ചലചിത്ര സംവിധായകന്‍ കൂടിയായ കൊല്ലം കുണ്ടറ സ്വദേശിയായ അഡ്വ. സംഗീത് ലൂയിസിനെ തൃശ്ശൂര്‍ അയ്യന്തോളിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതേ കേസിലെ ഒന്നാം പ്രതിയായ മിനു മുനീര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ ലൈംഗീകാരോപണവുമായി മിനു മുനീര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. തനിക്കെതിരെ അശ്ലീലം പറഞ്ഞതിന് മിനുവിനെതിരെ ബാലചന്ദ്രമേനോന്‍ പരാതി നല്‍കി. മിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരം ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നാലെയാണ് സംഗീത് ലൂയിസും അറസ്റ്റിലായത്.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വെച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അതേസമയം, ബാലചന്ദ്രമേനോനെ വിളിച്ചത് മൂന്ന് നടിമാര്‍ അദ്ദേഹത്തിനെതിരെ രഹസ്യമൊഴി നല്‍കുമെന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു എന്നാണ് സംഗീതിന്‍റെ വാദം.

Advertisement