ആലപ്പുഴ.ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണത്താൽ വഴിമുട്ടിയ അന്വേഷണത്തിന് സഹായകമാകുന്നതായിരിക്കും ഫലം. ജൈനമ തിരോധന കേസിന് പിന്നാലെ സെബാസ്റ്റ്യന്റെ വീടിന് പരിസരത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥികളുടെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുന്നത്. വീടിന് പരിസരത്ത് റഡാർ ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടന്നേക്കും. സെബാസ്റ്റ്യന്റെ കസ്റ്റഡികാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ പരമാവധി വേഗത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സെബാസ്റ്റ്യന്റെ ഭാര്യയെ ഒപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യലും ഇന്ന് നടക്കും.
































