കാസർകോട്. കുമ്പളയിൽ 20 കാരിക്ക് ഭർത്താവിന്റെയും, പിതാവിന്റെയും ക്രൂരമർദ്ദനം. ഭർത്താവ് ഫിറോസിന്റെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം വീട്ടിൽ അഭയം തേടിയ മസൂമയെ ക്രൂരമായി മർദ്ദിച്ചത് പിതാവും രണ്ടാനമ്മയും ചേർന്ന്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിൽ.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പെർമുദയയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മുള്ളേരിയ സ്വദേശി മസൂമയെ നാട്ടുകാർ കാണുന്നത്. അബോധാവസ്ഥയിലായ യുവതിയെ ഉടൻ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം മുറിവുകൾ കണ്ടെത്തിയത്. പിതാവ് മുഹമ്മദും, രണ്ടാനമ്മയും, ഭർത്താവ് ഫിറോസും ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനായി ഡെറ്റോൾ കുടിച്ചെന്നും മസൂമ ഡോക്ടർമാരെ പറഞ്ഞു. മർദ്ദനം സഹിക്കവയ്യാതെ നാലുമാസം പ്രായമുള്ള കൈക്കുഞ്ഞ് ഐഷ നജയെ വീട്ടിലാക്കി ഇറങ്ങി ഓടിയതാണെന്നും യുവതി അറിയിച്ചു.
സംഭവത്തിൽ കുമ്പള പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് ഫിറോസിന് വീണ്ടും വിവാഹം കഴിക്കാനായി തന്നെ തുടർച്ചയായി മർദ്ദിക്കുന്നുണ്ടെന്ന് മസൂമ പോലീസിനോട് പറഞ്ഞു. ഭർതൃ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടാണ് പിതാവ് മുഹമ്മദും, രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചതെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ പോലീസ് കേസെടുത്തു.






































