ആലപ്പുഴ. മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. അച്ചൻകോവിലാറിന് കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലമാണ് ഇടിഞ്ഞു വീണത്. വിഷയത്തിൽ അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പാലത്തിലെ ഗർഡറിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഗർഡർ പൂർണമായി തകർന്നു. അഞ്ച് പേർ അച്ചൻ കോവിലാറ്റിലേക്ക് വീണു. മാവേലിക്കര സ്വദേശി രാഘവ് കാർത്തിക്, ഹരിപ്പാട് സ്വദേശി ബിനു എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. രാഘവിനെ രക്ഷിക്കാനായി ഒപ്പം ചാടിയതായിരുന്നു ബിനു.
കോൺക്രീറ്റ് പാളി വീണ് ഇതരസംസ്ഥാന തൊഴിലാളിയുടെ കാലൊടിഞ്ഞു. ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലം നിർമാണത്തിന്റെ ആദ്യ ഘട്ടം മുതൽ നാട്ടുകാർ അശാസ്ത്രീയത ആരോപിച്ചിരുന്നു.
സംഭവം അന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

































