സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ പുഴകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറത്ത് നാളെ ഓറഞ്ച് മുന്നറിയിപ്പാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കനത്ത ജാഗ്രത പാലിക്കണം. അതേസമയം ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ പുഴകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കക്കയം ഡാമിൻറെ ജലനിരപ്പ് 756. 76 മീറ്ററിൽ എത്തി. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ക്രമാതീതമായി ജല നിരപ്പ് ഉയർന്നു. കരുവാരകുണ്ടിൽ മലവെള്ളപ്പാച്ചിലുണ്ടായി. വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് മണ്ണിടിഞ്ഞു വീണ് വീട് തകർന്നു.






































