പത്തനംതിട്ട. എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതാവിന്റെ മകൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി.യാണ് ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തിന് ഉത്തരവാദി ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് ഷിജോയുടെ അച്ഛൻ ത്യാഗരാജൻ പറഞ്ഞു.. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു
ഇന്നലെ വൈകിട്ടാണ് വീടിനോട് ചേർന്ന പറമ്പിൽ ഷിജോ വി.റ്റിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മകന്റെ എൻജിനീയറിങ് അഡ്മിഷന് പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഷിജോ. നാറാണമൂഴിയിലെ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഷിജോയുടെ ഭാര്യ ലേഖ സുരേന്ദ്രന് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ
വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ ഇടപെട്ടിട്ടുപോലും കുടിശ്ശികതുക നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ചില ഉദ്യോഗസ്ഥർ തയ്യാറായില്ലന്നാണ് ഷിജോയുടെ പിതാവ് സി പി എം നേതാവായ ത്യാഗരാജന്റെ ആരോപണം
ഷിജോയുടെ മൃതദേഹം
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം പിന്നീട് നടക്കും. അതേസമയം, സംഭവത്തിൽ പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ നേതാക്കളെ പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിയൊരുക്കി. ഒടുവിൽ വിദ്യാഭ്യാസ ഓഫീസർ നേരിട്ട് പ്രതിഷേധക്കാർക്ക് മുന്നിൽ എത്തി.സംഭവത്തിൽ ഡി ഡി നേരിട്ട് അന്വേഷണമാരംഭിച്ചു.
സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന മെല്ലെപ്പോക്കും ശമ്പളം തടഞ്ഞുകിടക്കലും അന്വേഷിക്കാന്‍ ഉന്നതാധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
































