70 mm പ്രതീക്ഷ, 35 mm സാഹചര്യം,സിനിമ കോൺക്ലേവ് ഞായറാഴ്ച സമാപിക്കും

Advertisement

തിരുവനന്തപുരം.സിനിമ നയ രൂപീകരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് ഞായറാഴ്ച സമാപിക്കും. നാല് പ്രധാന വിഷയങ്ങളിലാണ് അവസാന ദിനം ചർച്ച. ശനി നടന്ന ചർച്ചയിൽ ലിംഗ നീതി മുതൽ തീയേറ്ററിലെ ഭക്ഷണത്തിൻ്റെ  വിലനിലവാരം വരെ ഉയർന്നുവന്നു.


മലയാള സിനിമ മേഖലയിലെ 80ലധികം സംഘടനകളാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്. വിമർശിച്ചും തർക്കിച്ചും സ്വയം നവീകരിച്ചുള്ള ചർച്ചയാണ് ആദ്യദിവസം കണ്ടത്. രണ്ടാം ദിനം നാല് വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലുമാണ് ചർച്ചകളിൽ ഒന്ന്. തന്ത്രപ്രധാനമായ നികുതിയിളവുകളും നികുതി ഒഴിവാക്കലുകളും ഉൾപ്പെടെ ചർച്ചയുടെ ഭാഗമാവും. സിനിമ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവുമാണ് രണ്ടാമത്തെ ചർച്ച. പഴയ സിനിമകളെ സംരക്ഷിച്ചുകൊണ്ട് ആധുനിക സിനിമാസൗകര്യങ്ങൾ നിർമ്മിക്കണമെന്ന വിഷയത്തിലൂന്നി ചർച്ച നടക്കും. ഫിലിം ടൂറിസം, സോഫ്റ്റ് എക്കണോമിക് പവർ, ആഗോള വ്യാപകമായ നിർമ്മാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് മൂന്നാമത്തെ ചർച്ച. ചലച്ചിത്ര വിദ്യാഭ്യാസവും സമൂഹ പങ്കാളിത്തവും എന്ന വിഷയത്തിലാണ് നാലാമത്തെ ചർച്ച. ചർച്ചകളിലെ നിർദ്ദേശങ്ങൾ വൈകുന്നേരം നടക്കുന്ന പ്ലീനറി സെഷനിൽ വിശകലനം ചെയ്യും. ഇന്നലെയും ഇന്നുമായി നടക്കുന്ന കോൺക്ലേവിൽ ഉയർന്നു വന്ന മുഴുവൻ നിർദ്ദേശങ്ങളും പരിഗണിച്ചാവും സിനിമാ നയം രൂപീകരിക്കുക.

Advertisement