കൊല്ലം : കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ, സ്ഥാപന ഉടമയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മറ്റൊരു കൊലപാതകം തടയപ്പെട്ടു.
കല്ലുവാതുക്കൽ സ്വദേശിയായ ജിനു (35) എന്ന യുവാവാണ് ഭാര്യ രേവതിയെ (39) കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം, തന്റെ കാമുകിയെ കൂടി കൊല്ലാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ച ജിനുവിനെ സ്ഥാപന ഉടമ തടഞ്ഞതാണ് ഒരു ജീവൻ രക്ഷിക്കപ്പെടാൻ കാരണമായത്.
15 വർഷങ്ങൾക്ക് മുമ്പ്, കാസർഗോഡ് സ്വദേശിനിയായ രേവതിയും കല്ലുവാതുക്കൽ സ്വദേശിയായ ജിനുവും ആലുവയിൽ വെച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഭരണിക്കാവ് സ്വകാര്യ സ്ഥാപനത്തിൽ സൈൻബോർഡ് മേക്കറായി ജോലി ചെയ്തിരുന്ന ജിനു, ശാന്തസ്വഭാവവും ജോലിയിലെ മികവും കൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, ഒരു യുവതിയുമായുള്ള പുതിയ ബന്ധം ജിനുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഇത് ഭാര്യയുമായുള്ള കലഹങ്ങൾക്ക് കാരണമായി, രേവതിയെ അകാരണമായ മർദനങ്ങൾക്ക് വിധേയമാക്കി.
സഹികെട്ട രേവതി, കുട്ടികളുമായി ജിനുവിന്റെ വീട്ടിലേക്ക് മടങ്ങി. പിന്നീട്, അഞ്ചാലുംമൂട്ടിൽ ഒരു വൃദ്ധനെ പരിചരിക്കുന്ന ഹോം നഴ്സായി ജോലി ആരംഭിച്ചു. ജിനു കുട്ടികളെ കാണാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന്, പോലീസ് ഇടപെടലോടെ മാസത്തിൽ ഒരു ദിവസം കുട്ടികളെ കാണാൻ രേവതിക്ക് അനുമതി ലഭിച്ചു.
കാമുകിയുമായുള്ള ബന്ധം അവസാനിച്ചതോടെ ജിനു മാനസികമായി തകർന്നു. ജോലി ഉപേക്ഷിച്ച് ഭരണിക്കാവിൽ നിന്ന് മാറി, ഒരു ഘട്ടത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായി. ആശുപത്രിയിൽ വെച്ച് ഭാര്യയെയും കുട്ടികളെയും കാണണമെന്ന് ആവശ്യപ്പെട്ടു,
ഹോസ്പിറ്റലിൽ കുട്ടികളുമായി എത്തിയ രേവതി ജിനുവിന്റെ നെഞ്ചിൽ കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നത് കണ്ട് രേവതി പ്രതികരിച്ചതോടെ വീണ്ടും വഴക്കുണ്ടായി.
ഒന്നര മാസം മുമ്പ്, ജിനു കുമറഞ്ചിറയിലെ ഒരു മെമെന്റോ നിർമാണ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, തന്റെ ജീവിതം തകർത്തതിന് ഭാര്യയേയും കാമുകിയേയും കൊല്ലുമെന്ന് സഹപ്രവർത്തകരോട് ആവർത്തിച്ച് പറഞ്ഞിരുന്നു.
ഇത് ആരും കാര്യമായി എടുത്തിരുന്നില്ല.
ജൂലൈ 31-ന് രാവിലെ, ജിനു ജോലിക്ക് എത്തിയെങ്കിലും വല്ലാതെ കരഞ്ഞ് അസ്വസ്ഥനായിരുന്നു.
തന്റെ ഭാര്യക്ക് മറ്റൊരാളുമായി അടുപ്പംഉണ്ട്
ആരോ വിളിച്ചു പറഞ്ഞതിനെ തുടർന്നുണ്ടായ സംശയം.
സ്ഥാപന ഉടമയും മാനേജരും ഇടപെട്ട് അവനെ സമാധാനിപ്പിച്ചെങ്കിലും, അന്ന് രാത്രി 10:30-ഓടെ ജിനു ഉടമയെ വിളിച്ച്, ” ഞാൻ കമ്പനിയിൽ ഉണ്ട് ഞാൻ രേവതിയെ കുത്തിക്കൊന്നു” എന്ന് അറിയിച്ചു.
ജിനു, രേവതി ജോലി ചെയ്യുന്ന വീട്ടിലെത്തി, ഗേറ്റിൽ തട്ടി വിളിച്ചതിനെ തുടർന്ന് ഇറങ്ങിവന്ന അവളുമായി വഴക്കുണ്ടാക്കി. കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ രേവതി ഓടി, എന്നാൽ ജിനു പിന്തുടർന്ന് വീടിന് പിന്നിൽ വെച്ച് അഞ്ചോ ആറോ തവണ കുത്തി. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരണപ്പെട്ടു.
സ്ഥാപന ഉടമയുടെ നിർണായക ഇടപെടൽ കൊലപാതകത്തിന് ശേഷം, മുൻ കാമുകിയെ കൊല്ലാനുള്ള ഉദ്ദേശ്യവുമായി പോകാൻ ശ്രമിച്ച ജിനുവിനെ സ്ഥാപന ഉടമ തടഞ്ഞു. ജിനുവിന്റെ വാഹനത്തിന്റെ താക്കോൽ മാറ്റി, “നിനക്ക് പോകണമെങ്കിൽ പോകാം പക്ഷേ ഇത്രയും നാൾ നിനക്ക് അന്നം തന്ന എന്നെ കൊന്നിട്ട് പോകണം” . തുടർന്ന്, ജിനു കമ്പനിയിൽ തറയിൽ ഇരുന്നു. സ്ഥാപന ഉടമ ഉടൻ ശൂരനാട് പോലീസിനെ വിവരമറിയിച്ചു. ശൂരനാട്, അഞ്ചാലുംമൂട് പോലീസ് എത്തി ജിനുവിനെ കസ്റ്റഡിയിലെടുത്തു.
ഈ ദാരുണ സംഭവം രണ്ട് കുട്ടികളെ അനാഥരാക്കി. മോർച്ചറിയിൽ രേവതിയുടെ മൃതദേഹവും, പോലീസ് കസ്റ്റഡിയിൽ വിലങ്ങണിഞ്ഞ് എത്തുന്ന ജിനുവിനെയും കണ്ട്, എട്ട് വയസ്സുള്ള മകൻ കരഞ്ഞു കുഴഞ്ഞു. ജിനുവിന്റെ സഹോദരി കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജിനുവിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാകും.
































