കണ്ണൂര്‍: കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വാക്ക് പാലിച്ചു എന്നതില്‍ സന്തോഷമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. വകുപ്പുകള്‍ പിന്‍വലിക്കാനുമുള്ള നടപടിക്രമങ്ങള്‍ കൂടി സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം നിറവേറ്റണം. വിഷയത്തിലെ രാഷ്ട്രീയ മാനങ്ങള്‍ സഭ ഗൗരവത്തോടെ എടുക്കുന്നില്ല. കന്യാസ്ത്രീകളുടെ മോചനവും വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് തെരുവില്‍ ഇറങ്ങിയതെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
































