തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാനില്ലെന്ന വെളിപ്പെടുത്തല്‍ തിരിച്ചടിയായതോടെ അനുനയ നീക്കവുമായി ആരോഗ്യവകുപ്പ്.
ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ പൂർത്തിയാക്കാൻ വേണ്ടിമാത്രമാണെന്ന് സൂചന നല്‍കി. മറുപടി നല്‍കുന്നതോടെ, വിഷയം അവസാനിക്കുമെന്ന് ഡോക്ടറെ അറിയിച്ചതായാണ് വിവരം.
കാരണം കാണിക്കലിനോട് അദ്ദേഹം വൈകാരികമായി പ്രതികരിച്ചത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഉപകരണത്തിന്റെ ഒരുഭാഗം കാണാനില്ലെന്ന അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തലുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയത്. ശസ്ത്രക്രിയ്ക്കുള്ള ഓസിലോസ്കോപ്പിന്റെ ഒരു ഭാഗം കളവ് പോയെന്നാണ് കണ്ടെത്തല്‍. കാണാതെ പോയിട്ടും റിപ്പോർട്ട് ചെയ്തില്ലെന്നും മന്ത്രി തൃശൂരില്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഈ ഉപകരണം ഓപ്പറേഷൻ തിയേറ്ററിലുണ്ടെന്നും മന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെയാണ് അനുനയത്തിലേക്ക് തിരിഞ്ഞത്.






































