എക്‌സൈസ് കണ്ടുകെട്ടിയിട്ടുള്ള വാഹനങ്ങളുടെ ലേലം ഓഗസ്റ്റ് 11 മുതൽ തുടങ്ങും. ഇന്നോവയും ഥാറും ഉൾപ്പെടെയുള്ള ആഡംബരവാഹനങ്ങളും ലേലത്തിനുണ്ട്. എൻഡിപിഎസ് (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോേട്രാപിക് സബ്സ്റ്റൻസസ് ആക്ട്) കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ലേലംചെയ്ത് തുക മുതൽകൂട്ടണമെന്നാണ് നിയമം.
11-ന് തിരുവനന്തപുരം, മലപ്പുറം, 12-ന് കൊല്ലം, കണ്ണൂർ, 13-ന് പത്തംതിട്ട, 14-ന് ഇടുക്കി, വയനാട്, 16-ന് കോട്ടയം, കാസർകോഡ്, 18-ന് എറണാകുളം, 19-ന് തൃശ്ശൂർ, 20-ന് പാലക്കാട്, 21-ന് ആലപ്പുഴ, കോഴിക്കോട് എന്നിങ്ങനെയാണ് ലേലം നടക്കുക. അബ്കാരി കേസുകളിലെ 5115-ഉം എൻഡിപിഎസ് കേസുകളിലെ 3247-ഉം വാഹനങ്ങൾ എക്‌സൈസിന്റെ കൈവശമുണ്ട്.
എംഎസ്ടിസി വഴി ഓൺലൈൻ ലേലമാണ് ഇതുവരെ നടന്നിരുന്നത്. ഒറ്റത്തവണ രജിസ്‌ട്രേഷന് 11,000 രൂപ വേണ്ടിവരുന്നത് അപേക്ഷകരുടെ എണ്ണം കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് ലേലം നടത്തുന്നത്. 1381 വാഹനങ്ങളുടെ ലേലമാണ് ആദ്യഘട്ടത്തിൽ. ഇരുചക്രവാഹനങ്ങൾമുതൽ ലോറികൾവരെ ഇക്കൂട്ടത്തിലുണ്ട്.
































