വാർത്താ നോട്ടം

Advertisement

വാർത്താ നോട്ടം

2025 ആഗസ്റ്റ് 02 ശനി



BREAKING NEWS


👉അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തും.


👉 വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെ മൃതദേഹം പൊതുദര്‍ശനത്തിനുവയ്‌ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.


👉 കളമശേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.

👉മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.

👉ബിന്ദു പത്മനാഭൻ ജയനമ്മ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.


👉ദുരൂഹത നിലനിൽക്കുന്ന ചേർത്തല പള്ളിപ്പുറത്തെ വീട്ടിലേക്കാണ് സെബാസ്റ്റ്നുമായി എത്തുക.

🌴 കേരളീയം 🌴



🙏 ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് ടൗണ്‍ഷിപ്പിലെ വീടുകള്‍ക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജന്‍. മാതൃകാ വീട് നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്.




🙏 ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചത്. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്‌കാരം പങ്കിട്ടത്. വിജയരാഘവന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം.

🙏 ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം.

🙏 പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച നവാസ് മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്.





🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ നിന്നും ഉപകരണങ്ങള്‍ കാണാതായിട്ടില്ലെന്ന് ഡോ. ഹാരിസ്. ഉപകരണങ്ങള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്നതാണ്. ഉപകരണങ്ങള്‍ ഒന്നും കാണാതായിട്ടില്ല. 14 ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്‌കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങള്‍ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. 



🙏 ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തത്.


🙏 ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്ന് അമിത്ഷാ പറഞ്ഞിട്ടും സ്ഥിതി മാറിയെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാരിന്റെ വക്കീല്‍ കന്യാസ്ത്രീകള്‍ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞു. അതോടെ സ്ഥിതികള്‍ മാറുകയായിരുന്നു.


🙏 ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ നിലപാടു തുറന്ന് കാണിക്കാന്‍ ഓഗസ്റ്റ് 3, 4 തീയതികളില്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.



🙏 കേരള സര്‍വകാലാശാലയില്‍ തര്‍ക്കം രൂക്ഷമാകുന്നു. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗത്തില്‍ വാക്കുതര്‍ക്കമുണ്ടായി. പിഎം ഉഷ പദ്ധതി നടത്തിപ്പിന്റെ ഓണ്‍ലൈന്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് സിന്‍ഡിക്കേറ്റ് അംഗങ്ങളും സസ്പെന്‍ഷനിലുള്ള അനില്‍കുമാറും യോഗത്തിനെത്തി.


🙏 യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം.

🙏 യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചില്ല. സ്വഭാവിക നടപടിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹൈക്കോടതിയിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

🙏 ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1610 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.



🙏 ഇടുക്കി അടിമാലിയില്‍ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൃഷ്ണ മൂര്‍ത്തിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ശിശുരോഗ വിദഗ്ധക്ക് എതിരെയാണ് പരാതി.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.

🙏 സാഹിത്യകാരന്‍ എംകെ സാനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എംകെ സാനു.

🙏 ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലെ കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് മാറ്റുന്നുവെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍. കേസില്‍ സംസ്ഥാന വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു.

🙏 കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു.



🙏 ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.

🙏 കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോങ്ങോട് വനത്തില്‍ പശുവിനെ തീറ്റാന്‍ പോയപ്പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി.


🙏 മലപ്പുറം വളാഞ്ചേരിയില്‍ ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീര്‍ (35) ആണ് പിടിയിലായത്. ബസില്‍ വെച്ച് ഇയാള്‍ ഉപദ്രവിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ സഹായിച്ചില്ലെന്ന് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിപെട്ടിരുന്നു.

🙏 കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.




     🇳🇪   ദേശീയം  🇳🇪


🙏2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും .മികച്ച നടി റാണി മുഖര്‍ജിയാണ് . മികച്ച സഹനടനും നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉര്‍വശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ.


🙏 ബെംഗളുരുവില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്ന് മൃതദേഹം കത്തിച്ചു. ബെംഗളൂരു ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസുകരനായ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ വീട്ടില്‍ ഇടക്ക് വണ്ടിയോടിക്കാന്‍ വരാറുള്ള ഗുരുമൂര്‍ത്തിയും(27) കൂട്ടാളി ഗോപീകൃഷ്ണയും(25) ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.



🙏 തമിഴ്നാട്ടില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എംകെ സ്റ്റാലിന്റെ പേര് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പരസ്യത്തില്‍ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടന്‍ സ്റ്റാലിന്‍ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.



🙏 വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.



🙏 പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞുനടക്കുന്ന ഇവര്‍ക്ക് അക്ഷരങ്ങള്‍ പോലും നേരാംവണ്ണം അറിയില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹുമാനിക്കണം എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.


🙏 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം.

🙏 എട്ട് പേരെ വിവാഹം കഴിച്ച് ഓരോരുത്തരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്പൂരില്‍ അറസ്റ്റിലായത്.






🙏 റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.

🙏 മലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവിയെ പ്രതി ചേര്‍ക്കാന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘാംഗം. കേസില്‍ മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മെഹ്ബൂബ് മുജാവറാണ് വെളിപ്പെടുത്തിയത്.

🇦🇺  അന്തർദേശീയം    🇦🇽

🙏 അമേരിക്കന്‍ നിര്‍മിത അഞ്ചാം തലമുറ എഫ് -35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇനി താല്‍പ്പര്യമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരോട് ഇന്ത്യ പറഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കയിലേക്കുള്ള എല്ലാ ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 25 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വേണ്ടെന്ന് ഇന്ത്യ അറിയിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

🙏 അയര്‍ലന്റില്‍ ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് സംഘടിതമായി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിര്‍ദേശം.


        🏏കായികം🏏

🙏 ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 224 ന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ 23 റണ്‍സിന്റെ ലീഡ് മാത്രം നല്‍കി ഇംഗ്ലണ്ടിനെ 247 റണ്‍സിന് പുറത്താക്കി. ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയും മുഹ്‌മ്മദ് സിറാജും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.


🙏രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. കെ.എല്‍. രാഹുലിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 51 റണ്‍സോടെ യശസ്വി ജയ്സ്വാളും നാല് റണ്‍സോടെ ആകാശ്ദീപുമാണ് ക്രീസില്‍.

Advertisement