പന്നിശ്ശേരി സ്മാരക കഥകളി പുരസ്കാരം ഫാക്ട് മോഹനന്

Advertisement

കരുനാഗപ്പള്ളി: വേദാന്ത പണ്ഡിതനും ആട്ടക്കഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് നൽകിവരുന്ന തൗര്യത്രികം പുരസ്കാരത്തിന് ഇത്തവണ കഥകളി നടൻ ഫാക്ട് മോഹനൻ അർഹനായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പന്നിശ്ശേരിൽ ശ്രീനിവാസക്കുറുപ്പിന്റെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരം ആട്ടകഥാകൃത്തും ഗ്രന്ഥകർത്താവുമായ ഡോ രാജശേഖരൻ പി. വൈക്കത്തിനും പന്നിശ്ശേരിൽ ഗണേശകുമാരൻ നായരുടെ പേരിലുള്ള വാദനശ്രീ പുരസ്കാരം മദ്ദള വാദകനായ തിരുവല്ല ജയശങ്കറിനും മുൻ എംഎൽഎ എൻ വിജയൻ പിള്ളയുടെ പേരിലുള്ള രംഗമുദ്ര പുരസ്കാരം യുവ കലാകാരൻ കലാമണ്ഡലം ശ്രീഹരിക്കും കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിലുള്ള വർണ്ണമുഖി പുരസ്കാരം ചുട്ടി കലാകാരനായ കൊടുവഴന്നൂർ ബിനോദിനം സമ്മാനിക്കും. ഈ പുരസ്കാരങ്ങൾക്ക് എല്ലാം 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. ആഗസ്റ്റ് 31ന് മരുതൂർകുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ രാവിലെ 10ന് കഥകളി സെമിനാറും വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാര വിതരണവും നടക്കും. തുടർന്ന് ‘നിഴൽക്കുത്ത്’ കഥകളിയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ പുരസ്കാര സമിതി അംഗങ്ങളായ സന്തോഷ് ചന്ദ്രൻ കിഴക്കേ പാലാഞ്ഞിയിൽ, മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി, കഥകളി ക്ലബ്ബ് സെക്രട്ടറി വി പി ലീലാകൃഷ്ണൻ, പ്രസിഡൻ്റ് ശ്രീഹരി, ഉണ്ണികൃഷ്ണൻ പന്നിശ്ശേരിൽ എന്നിവർ പങ്കെടുത്തു.

Advertisement