മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണചിലവ് സംബന്ധിച്ച വിവാദം

Advertisement

വയനാട്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണചിലവ് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി കെ രാജനും നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും.

വീടിന് മുപ്പത് ലക്ഷം രൂപയാണ് എന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപയെന്ന് സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബുവിന്‍റെ പ്രതികരണം. അതേസമയം വീടിന് 30 ലക്ഷം രൂപയെന്ന് വ്യക്തമാക്കിയത് റവന്യൂമന്ത്രിയാണെന്ന് വിവാദത്തിന് തിരികൊളുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനശബ്ദം ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല ആവര്‍ത്തിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ മാതൃകാവീടും ദുരന്തത്തില്‍ മരിച്ച പ്രജീഷിന്‍റെ കുടുംബത്തിന് നീതൂസ് അക്കാദമി നിര്‍മ്മിച്ചുനല്‍കിയ വീടും തമ്മിലുള്ള ചിത്രം താരതമ്യം ചെയ്ത് കരാറുകാരന്‍കൂടിയായ ഷാജിമോന്‍ ചൂരല്‍മല ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നാണ് വിവാദം തുടങ്ങിയത്. ദുരന്തബാധിതരുടെ മാതൃകാവീടിന് മുപ്പത് ലക്ഷവും താന്‍നിര്‍മ്മിച്ച് നല്‍കിയ വീടിന് പതിനഞ്ച് ലക്ഷവും എന്നായിരുന്നു പോസ്റ്റ്. ഇത് പ്രതിപക്ഷ നേതാക്കള്‍ ഏറ്റെടുത്തു

എന്നാല്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് ഇന്‍റീരിയര്‍ വര്‍ക്ക് ചെയ്യാന്‍ ഈ തുക മതിയാവില്ലെന്ന മറുപടിയുമായി ഷാജിമോന്‍ ചൂരല്‍മലയ്ക്ക് കരാര്‍ നല്‍കിയ നീതൂസ് അക്കാദമി തന്നെ മറുപടി നല്‍കിയെങ്കിലും വിവാദം അവസാനിച്ചില്ല. ഇതോടെയാണ് റവന്യൂമന്ത്രി കെ രാജന്‍ മറുപടിയുമായി രംഗത്ത് വന്നത്

വീട് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയാണെന്ന് സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ടൌണ്‍ഷിപ്പ് നിര്‍മ്മാണക്കരാര്‍ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സിഒഒ അരുണ്‍ബാബുവിന്‍റെ 24നോടുള്ള പ്രതികരണം. ടൌണ്‍ഷിപ്പിനായുള്ള ആകെ കരാര്‍തുക 299 കോടിരൂപയാണ്. ഇതിന്‍റെ ഒരുഭാഗം മാത്രമാണ് വീടുകളെന്നും വിശദീകരണം

സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടുകളെ സംബന്ധിച്ച് ആക്ഷേപമില്ലെന്ന് ദുരന്തബാധിതരുടെ ജനകീയ സമിതി ചെയര്‍മാന്‍ മനോജ് ജെഎംജെ പറഞ്ഞു

Advertisement