കന്യാസ്ത്രീകളുടെ മോചനം: ബിജെപി സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്യം ഡൽഹിക്ക് വിളിപ്പിച്ചു, തൃശൂർ അതിരൂപതാ ആസ്ഥാനം സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

Advertisement

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയ്ക്ക് വിളിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക് തിരിക്കും. ഡൽഹിക്ക് പോകുന്ന ചന്ദ്രശേഖർ നാളെ വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തും.

രാവിലെ
തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ആൻഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. കന്യാസ്ത്രീകൾ ജാമ്യത്തിനായി നടത്തുന്ന ശ്രമങ്ങളെ എതിർക്കില്ലെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചത്തീസ്ഗഢ് മുഖ്യമന്ത്രിയും ഉറപ്പ് തന്നിട്ടുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു. വോട്ടോ, രാഷ്ട്രീയമോ, മതമോ ഒന്നും നോക്കിയല്ല വിഷയത്തിൽ ഇടപെടുന്നതെന്നും കൂടി കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ അടച്ചിട്ട മുറിയിൽ അരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.

Advertisement