ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവാക്കൾ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കണ്ണൂർ താഴെചൊവ്വയിൽ റിയാസി (25)നാണ് കുത്തേറ്റത്. കാലിനും പിൻഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണുലാൽ (25), കല്ലയം ശിവാലയം വീട്ടിൽ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ദിവസം
വൈകീട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ ഏറ്റുമുട്ടിയത്. ഇരുവർക്കും അടുപ്പമുള്ള പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു. ഇതുൾപ്പെടെയുള്ള മറ്റിടപാടുകൾ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമാധ്യമത്തിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടർന്ന്, സ്റ്റാൻഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികൾ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
































