ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല, ഉറപ്പ് നല്‍കി അമിത് ഷാ; സിസ്റ്റര്‍മാര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം

Advertisement

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞു.

വിചാരണ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. അങ്ങനെ ചെയ്താല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. കേസ് എന്‍ഐഎയ്ക്ക് വിട്ടത് സെഷന്‍സ് കോടതിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്‍ഐഎ കോടതിയില്‍നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നില്‍ എത്തിയാല്‍ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.

പൊതുവെ അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നാണ് എംപിമാര്‍ക്ക് അമിത് ഷാ നല്‍കിയ ഉറപ്പ്. സംസ്ഥാന സര്‍ക്കാരും സിസ്റ്റര്‍മാരും വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും.

ഈ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുള്ള നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement