മാമിയുടെ തിരോധാനം; പോലീസിന് വൻ വീഴ്ച്ച പറ്റി, ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്

Advertisement

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്ക് ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു. മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വഷണം നടത്തിയതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചില്ല. ആദ്യഘട്ടത്തിലെ സൂചനകള്‍ ശേഖരിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാല്‍ മീണ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.എസ് ഐക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും മേല്‍ നോട്ട ചുമതലയുണ്ടായിരുന്നതിനാലാണ് എസ് എച്ച് ഓക്കെതിരെയും അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം

Advertisement