കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംഘപരിവാറിൽ ഭിന്നത,രാജീവ് ചന്ദ്രശേഖറിനെതിരെ പാളയത്തില്‍പട

Advertisement

തിരുവനന്തപുരം. ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംഘപരിവാറിൽ ഭിന്നത. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരസ്യമായി വിമർശിച്ച് ആർഎസ്എസ് ദക്ഷിണപ്രാന്ത കാര്യകാരി സദസ്യൻ കെ ഗോവിന്ദൻകുട്ടി രംഗത്തെത്തി. ഛത്തീസ്ഗഢ് സർക്കാർ നിയമാനുസൃതം പ്രവർത്തിക്കില്ലെന്നാണോ കേരളത്തിലെ ബിജെപി കരുതുന്നതെന്ന് ഗോവിന്ദൻകുട്ടി ചോദിച്ചു. രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ച് കെ പി ശശികലയും ടിപി സെൻകുമാറും രംഗത്തെത്തി.

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന ബിജെപിക്കെതിരെ സംഘപരിവാറിൽ പടയൊരുക്കം. സംസ്ഥാന ബിജെപിയുടേത് ക്രൈസ്തവ പ്രീണനം എന്നാരോപിച്ച് ആർഎസ്എസും ഹിന്ദു ഐക്യവേദിയും രംഗത്ത്. ആർഎസ്എസ് മുതിർന്ന പ്രചാരകനും ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യനുമായ കെ ഗോവിന്ദൻകുട്ടി രാജീവ് ചന്ദ്രശേഖറിനെ പരസ്യമായി വിമർശിച്ചു.
ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പാക്കാൻ ഒരു സർക്കാറുണ്ട്, അവിടത്തെ സർക്കാർ നിയമനുസൃതം പ്രവർത്തിക്കില്ലെന്നാണോ കേരളത്തിലെ ബിജെപി കരുതുന്നതെന്ന് ഗോവിന്ദൻകുട്ടി ചോദിച്ചു. കേരളത്തിലെ ഭരണത്തിനെതിരെയും വിലക്കയറ്റിനെതിരെയും പ്രതിപക്ഷ ഒത്തുകളിക്കെതിരെയും പ്രതികരിച്ചു ജനാവിശ്വാസം നേടൂവെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി കെ ഗോവിന്ദൻകുട്ടി കുറിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ ഒളിയമ്പുമായി
കെ.പി ശശികലയും ടി പി സെൻകുമാറും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
ആകാശത്തു പറക്കുന്ന കുരുവിയെ കിട്ടും എന്ന വ്യാമോഹത്തിൽ കക്ഷത്തിൽ ഇരിക്കുന്ന പ്രാവിനെ കളയണോ എന്ന് ടി പി സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. പറക്കുന്ന പക്ഷിക്ക് പിന്നാലെ പോയി കയ്യിലുള്ളത് പറക്കാതെ നോക്കണെമെന്ന് കെ പി ശശികലയുടെ ഉപദേശം.ഛത്തീസ്ഗഡ് സർക്കാരിൻ്റെത് സ്വീകാര്യതയുള്ള നിലപാട് എന്ന് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.
അതിനിടെ രാജീവിനെ തിരുത്തി വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി.
ബജരംഗ്ദൾ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗം തന്നെയെന്ന് VHP കേരള ഘടകം വ്യക്തമാക്കി.ബജരംഗ്ദൾ സ്വതന്ത്ര സംഘടന എന്നും തെറ്റ് ചെയ്താൽ ശിക്ഷയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞതാണ് VHP യെ ചോടിപ്പിച്ചത്.

Advertisement