2025 ജൂലൈ 30 ബുധൻ
BREAKING NEWS
👉മോസ്കോ.റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തി.
👉തീരത്ത് സുനാമി മുന്നറിയിപ്പ്
അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്
2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം.

👉തീവ്രത 8.7
ജപ്പാന്റെ തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം.ജനങ്ങൾ തീരദേശങ്ങളിൽ നിന്ന് അടിയന്തരമായി മാറണമെന്ന് ജപ്പാൻ പ്രധാനമന്ത്രി
👉 ഗാസയില്‍ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്.
👉ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

👉 മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.
👉രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും.
👉 സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്.

🌴കേരളീയം 🌴
🙏 കേരള സര്‍വകലാശാലയില്‍ വീണ്ടും പോര്. രജിസ്ട്രാര്‍ അനില്‍ കുമാറിന് ഫയല്‍ നല്‍കരുതെന്ന് വീണ്ടും നിര്‍ദേശിച്ച് വിസി മോഹനന്‍ കുന്നുമ്മേല്‍. ഫയല്‍ കൈമാറിയാല്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി.
🙏 കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോള്‍ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കെഎസ്ഇബി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

🙏 മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
🙏 കുടുംബശ്രീ ഓണ്‍ലൈന്‍ ഉല്‍പ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

🙏 തൃശ്ശൂര്‍ കൂട്ടാലയില്‍ മകന്‍ അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരന്‍ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകന്‍ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🙏 പാടത്തെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു.

🙏 പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പിടികൂടി. താഴേക്കാട് സ്വദേശി അമല്‍ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെണ്‍കുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.
🙏 ഹണി ട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്പതികള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.

🙏 നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മ്മാതാവ് പി.എസ്. ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
🙏 കാനഡയില്‍ ചെറു വിമാനം തകര്‍ന്ന് ഗൗതം സന്തോഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

🙏 മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്.
🙏 പള്ളികളിലും വീടുകളിലുമെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനമെന്ന് പാലക്കാട് ബിഷപ്പ് ഫാദര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. ക്രിസ്ത്യന്‍ പള്ളികളിലും വീടുകളിലും കയറിയിറങ്ങുന്ന ചില രാഷ്ട്രീയക്കാരുണ്ടെന്നും അവരെ തിരിച്ചറിയുന്ന സമയമാണിതെന്നും ഛത്തിസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ബിഷപ്പ് പറഞ്ഞു.

🙏 ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തെ ഉടന്‍ തന്നെ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അറിയിപ്പുണ്ട്.
🙏 കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി.വിജയന്‍ രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരെ പാര്‍ട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെ.സി.വിജയന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.

🇳🇪 ദേശീയം 🇳🇪
🙏 ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാനം തകര്‍ത്തതിന്റെ ആഘോഷമാണെന്നും രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷമെന്നും താന്‍ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു.
🙏 പഹല്‍ഗാമിലെ വീഴ്ച എങ്ങനെയെന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയില്‍ പ്രിയങ്ക ഗാന്ധി എംപി. കശ്മീരില്‍ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സര്‍ക്കാരാണ്. 1500ലധികം ടൂറിസ്റ്റുകള്‍ ബൈസരണ്‍വാലിയില്‍ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു.

🙏 ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
🙏 ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

🙏 ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പര്‍ ഒന്നില്‍ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയില്‍ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല.
🙏 പകര്‍പ്പവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയില്‍ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ ഹര്‍ജി സുപ്രീം കോടതിതള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട നിയമയുദ്ധം തുടരുകയാണ്.
🙏 തിരുനെല്‍വേലിയിലെ ദുരഭിമാനക്കൊലയില്‍ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സര്‍ക്കാര്‍ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങള്‍ക്കാവശ്യം നീതിയാണ് എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസില്‍ ഒന്നും രണ്ടും പ്രതികളായവര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്

🙏 ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായതോടെ ജനജീവിതം താറുമാറായി. കൊണാട്പ്ലേസില്‍ രണ്ട് മണിക്കൂറില്‍ 100.2 മില്ലീ മീറ്റര്‍ മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്.
🇦🇺 അന്തർദേശീയം 🇦🇺
🙏 കപ്പല്‍ തകര്‍ന്ന് ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനുള്‍പ്പടെയുള്ള 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്.
🙏 ചൈനയുടെ തലസ്ഥാനമായ ബീജിങിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 38 ആയി. 80,000 പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച മുതലാണ് മഴ ശക്തമായത്. വടക്കന്‍ ജില്ലകളില്‍ 543 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്.

🙏നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹമായ നൈസാര്‍ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആഗോള സഹകരണത്തില്‍ നാഴികക്കല്ലാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്നാണ് നൈസാര്‍ വിക്ഷേപിക്കുന്നത്. ഭൗമനിരീക്ഷണത്തിനുള്ള അത്യാധുനികവും ചിലവേറിയതുമായ സാറ്റ്‌ലൈറ്റാണ് നൈസാര്‍.
🙏 സെപ്റ്റംബറിനുള്ളില്‍ ഇസ്രായേല്‍ വെടി നിര്‍ത്തല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറാണ് ഈ നിലപാട് അറിയിച്ചത്.

🏏 കായികം🏏
🙏 മുന്‍ രഞ്ജി താരം സന്തോഷ് കരുണാകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കരുണാകരന്‍ നല്‍കിയ പരാതി വീണ്ടും പരിഗണിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.






































