തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജഡ്ജിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയതായി സൂചന. ഇരുവരും അറസ്റ്റിലായതിന് പിന്നാലെ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചു.
ജഡ്ജിയായി വേഷം കെട്ടുന്ന കണ്ണൂരുകാരന്‍ കെ.എം.ജിഗേഷ്, ജഡ്ജിയുടെ സഹായിയായി മാറുന്ന മാന്നാറുകാരന്‍ സുമേഷ്. ഇവരാണ് ഇന്നലെ വെഞ്ഞാറമൂട് പൊലീസിന്‍റെ വലയിലായത്. വെഞ്ഞാറമൂട്ടിലെ വീട്ടമ്മയില്‍ നിന്ന് ആറ് ലക്ഷം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റ് വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇവരുടെ തട്ടിപ്പിന്‍റെ ചുരുള്‍ ഒന്നൊന്നായി അഴിയുകയായിരുന്നു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുള്‍ കലാമിന്‍റെ ഫോണിലേക്ക് രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് തട്ടിപ്പിന് ഇരയായവരുടെ വിളിയാണ്. കുമളി സ്വദേശി ജോമോനെ സിവില്‍ കേസ് ഒത്തുതീര്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് അഞ്ച് ലക്ഷം. കോട്ടയംകാരന്‍ മനുവിന് കേന്ദ്ര വെയര്‍ഹൗസ് കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് അടിച്ചെടുത്തത് 9 ലക്ഷം. കണ്ണൂര്‍ കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ചാവക്കാടുകാരന്‍ ബാദുഷയില്‍ നിന്ന് തട്ടിയത് രണ്ട് ലക്ഷം.ഇങ്ങിനെ പന്ത്രണ്ട് പേരാണ് പൊലീസിനെ വിളിച്ചത്. ഈ പരാതികള്‍ മാത്രം പരിശോധിച്ചാല്‍ ഇവര്‍ തട്ടിയെടുത്ത തുക നാല്‍പ്പത് ലക്ഷം കവിയും. തട്ടിപ്പിന് ഇരയായവര്‍ അതാത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ സംസ്ഥാന വ്യാപക അന്വേഷണത്തിനായി പൊലീസിന്‍റെ ആലോചന.
































