വയനാട്.സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്. ഒരു വർഷത്തിനിപ്പുറവും ജീവിതത്തിലേക്ക് തിരിച്ചു വരാൻ പെടാപ്പാട് പെടുകയാണ് ഇവിടുത്തെ മനുഷ്യർ. സർക്കാർ പുനരധിവാസ പദ്ധതിയിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിമർശനമുന്നയിക്കുകയാണ് പ്രതിപക്ഷം. നിസ്സഹായരായ ഒരുപറ്റം മനുഷ്യർ പ്രതീക്ഷയോടെ കാത്തിരിപ്പാണ്.
ജൂലൈ 29. രാത്രി 11 45. പുഞ്ചിരി മട്ടത്ത് ആദ്യത്തെ മണ്ണിടിച്ചിൽ. ജൂലൈ 30 ന് പുലർച്ചെ സകലതും തൂത്തെറിഞ്ഞുള്ള പ്രകൃതിയുടെ സംഹാരതാണ്ഡവം. മായ്ച്ചുകളഞ്ഞത് 298 ജീവനുകളെ . അതുവരെയുള്ള എല്ലാ ജീവിത സാഹചര്യങ്ങളും മാറിമറിഞ്ഞു. എങ്ങും മണ്ണും ചളിയും വലിയ പാറക്കെട്ടുകളും മരക്കഷണങ്ങളും മാത്രം നിറഞ്ഞു . ജീവിച്ചിരിക്കുന്നവരും മരിച്ചവരും എന്ന് രണ്ടു കള്ളികളായി മനുഷ്യർ വിറങ്ങലിച്ചു നിന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യത്തിന് വയനാട് സാക്ഷിയായി.
ഒരു വർഷത്തിനിപ്പുറം വീണ്ടും ജൂലൈ 30. ഉറ്റവരെ നഷ്ടപ്പെട്ട, പ്രിയപ്പെട്ടതെല്ലാം പ്രകൃതി കവർന്നെടുത്ത ജീവിച്ചിരിക്കുന്നവരുടെ മുന്നോട്ടുള്ള യാത്ര എങ്ങനെയാണ്? . അന്ന് സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടോ? സർക്കാറിന്റെ പുനരധിവാസ പദ്ധതിയാണ് ആദ്യം പറയേണ്ടത്. അതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ വൈകിയെങ്കിലും ഏപ്രിലോടെ എൽസ്റ്റൺ എസ്റ്റേറ്റിൽ സ്ഥലം കണ്ടെത്തി വീട് പണി ആരംഭിച്ചു കഴിഞ്ഞു. ഡിസംബറോടെ സർക്കാറിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ട 410 കുടുംബങ്ങൾക്ക് വീടുകൾ ഉയരും എന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്.
എന്നാൽ മഹാ ദുരന്തം നടന്ന് ഒരു വർഷമായിട്ടും ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് ഇപ്പോഴും തയ്യാറായിട്ടില്ല. സർക്കാരിൻറെ കനിവ് കാത്ത് അട്ടമല , പടവെട്ടിക്കുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ അപ്പീലുണ്ട്. കൃഷി നശിച്ചവർക്കും കച്ചവടക്കാർക്കും നഷ്ടപരിഹാരത്തുക നൽകിയിട്ടില്ല. ജോൺ മത്തായി റിപ്പോർട്ടിലെ ഗോ സോൺ, നോ ഗോ സോൺ വേർത്തിരിവിനെ ചൊല്ലി തർക്കങ്ങൾ.. വാടകയായ 6000 രൂപ നന്നേ കുറവ് എന്ന പരാതി. റീ ബിൽഡ് ചൂരൽമല എന്ന പ്രഖ്യാപനം ഒച്ചിഴയും പോലെ എന്നതും പ്രതിപക്ഷ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്നതിലും പരാജയം സംഭവിച്ചുവെന്നും പരാതി
ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തുവിടുക എന്നുള്ളതാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. നിരവധി പേർക്ക് കൈത്താങ്ങായി സർക്കാർ നിൽക്കുന്നുണ്ട്. എന്നാൽ മാനദണ്ഡങ്ങളുടെ വേലിക്കെട്ടുകൾക്ക് പുറത്ത് നിരവധി മനുഷ്യർ സഹായം കാത്ത് നിൽക്കുന്നുമുണ്ട്, അവരെ ആരു പരിഗണിക്കുമെന്നത് തീരുമാനമായില്ല.



































