താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സംബന്ധിച്ച് മുതിർന്ന നടന്മാരായ മമ്മൂട്ടിയുമായും മോഹൻലാലുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും ഇവരുടെ അനുമതി ലഭിച്ചാൽ ജഗദീഷ് പത്രിക പിൻവലിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞതായി അറിയുന്നു.
ജഗദീഷ് ഉൾപ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ബാക്കിയുള്ളവർ. ജഗദീഷ് പിന്മാറുന്നതോടെ ശ്വേതാ മേനോന് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത ഉയരുമെന്നാണ് വിലയിരുത്തൽ. ബാബുരാജ്, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ സാധിക്കൂ. ഒന്നിലേറ സ്ഥാനങ്ങളിലേയ്ക്ക് പത്രിക നൽകിയവർ 31-ന് അന്തിമ സ്ഥാനാർഥി പട്ടിക വരുന്നതിന് മുൻപായി മറ്റു സ്ഥാനങ്ങളിലേയ്ക്ക് നൽകിയ പത്രിക പിൻവലിക്കണം.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാൽ മത്സരചിത്രം മാറാൻ സാധ്യതയുണ്ടെന്നായിരുന്നു നടൻ ജഗദീഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
































