കന്യാസ്ത്രീകളുടെ അറസ്റ്റ് , പ്രതിരോധത്തിലായി സംസ്ഥാന ബിജെപി

Advertisement

തിരുവനന്തപുരം.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിരോധത്തിലായി സംസ്ഥാന ബിജെപി. മറുപടിയില്ലാതെ ഉരുണ്ട് കളിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ ബിജെപിയുടെ ക്രൈസ്തവ നയതന്ത്രം മുഴുവൻ പാളി. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള സിപിഐഎം- കോൺഗ്രസ് നീക്കം വിജയം കണ്ടതും ബിജെപിയുടെ ഉത്തരം മുട്ടിക്കുന്നു.
ഛത്തീസ്ഗഡിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ബിജെപി .

ഈസ്റ്റർ ദിന നയതന്ത്രം, ക്രിസ്ത്മസ് കുടുംബ സന്ദർശനം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായുള്ള ആശയവിനിമയത്തിനും അവരെ ചേർത്തുനിർത്തുന്നതിനും പുതിയ ഭാരവാഹി പട്ടികയിൽ ക്രൈസ്തവ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കാൻ ക്രൈസ്തവ സമുദായ അംഗമായ കേന്ദ്രമന്ത്രി…
സംസ്ഥാനത്തെ ക്രൈസ്തവർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബിജെപിക്ക് ഇരുട്ടടിയായി ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്. അറസ്റ്റിനെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ ആകാതെ ബിജെപി നേതൃത്വം വെട്ടിലായി.

ബിജെപി കേരള നേതാക്കളെ ഛത്തീസ്ഗഡിൽ എത്തിച്ച് ഒരറ്റകൈ പ്രയോഗത്തിനും പാർട്ടി ശ്രമിക്കുന്നുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ ഛത്തീസ്‌ഗഡിലേക്ക് അയക്കാനാണ് തീരുമാനം.

കന്യാസ്ത്രീകളുടെ മോചനത്തിനായി സിപിഐഎം കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയെ സമീപിക്കുകയും, വിഷയം പാർലമെൻറിൽ എത്തുകയും ചെയ്തത് ബിജെപിയെ ദേശീയതലത്തിൽ ക്ഷീണിപ്പിക്കുന്നു. വിഷയം ആളിക്കത്താതെ തണുപ്പിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.

Advertisement