കണ്ണൂർ.കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിലെ സുരക്ഷ വീഴ്ച്ചയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ. അസി. സൂപ്രണ്ട് റിജോ ജോണിനെയാണ് ജയിൽ മേധാവി സസ്പെൻഡ് ചെയ്തത്. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ജയിൽ ഡിഐജി ജയിൽ മേധാവിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
ഗുരുതര സുരക്ഷ വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ നടപടി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട സമയത്ത് ജയിൽ ചുമതല അസി സൂപ്രണ്ട് റിജോ ജോണിനായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ മേധാവി ഇയാളെ സസ്പെൻഡ് ചെയ്തത്. ഉത്തര മേഖല ജയിൽ ഡി ഐ ജിയുടെ റിപ്പോർട്ടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശിപാർശയുണ്ടാകാനാണ് സാധ്യത. ജയിൽ ഡിഐജി നൽകിയ പ്രാഥമിക റിപ്പോർട്ടിലും സുരക്ഷ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു.
അതിനിടെ ജയിൽ ചാടിയതിന് ശേഷം ഗോവിന്ദച്ചാമി സെൻട്രൽ ജയിലിന് മുന്നിലൂടെ രണ്ട് തവണ കടന്നുപോയി എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം 24ന് ലഭിച്ചു.
പുലർച്ചെ 5.30 ന് ശേഷം ജയിലിന് മുന്നിലൂടെ തളിപ്പറമ്പ് ഭാഗത്തേക്കും 6 മണിക്ക് ശേഷം ജയിലിന് മുന്നിലൂടെ തന്നെ തിരിച്ച് തളാപ്പ് ഭാഗത്തേക്കും ഗോവിന്ദച്ചാമി പോയിട്ടുണ്ട്.
എന്നാൽ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ അന്വേഷണസംഘം ജയിലിൽ ഗോവിന്ദച്ചാമിക്ക് ബന്ധമുള്ള സഹതടവുകാരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.




































