വാർത്താനോട്ടം

Advertisement


2025 ജൂലൈ 28 തിങ്കൾ

BREAKING NEWS

👉ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് പ്രതിപക്ഷ എംപിമാർ പാർലമെൻറിന് പുറത്ത് പ്രതിഷേധിക്കും.

👉 വിഷയം ഇരു സഭകളിലും ഉയർത്താൻ പ്രതിപക്ഷം നോട്ടീസ്സ് നൽകി.

👉ബിഷപ്പുമാർ അരമനകളിൽ മാത്രം ഇരുന്ന് പ്രാർത്ഥിക്കുകയും ദീപികയിൽ ലേഖനം എഴുതുകയും മാത്രം ചെയ്തിട്ട് കാര്യമില്ല. പ്രധാനമന്ത്രിയെ കണ്ട് വിവരം പറയാനുളള ധൈര്യം കാണിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി .

👉 കണ്ണൂർ ചെറുപുഴ മുതുവത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു.

👉രാവിലെ 9 മണിയോടെ പയ്യന്നൂരിലേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

🌴കേരളീയം 🌴

🙏 ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

🙏 ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോള്‍ തന്നെ അടിയന്തരമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

🙏 തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

🙏 പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ഈഴവ വിരോധിയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

🙏 ജനഹിതം മാനിക്കാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാവണം എന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ് യഥാര്‍ത്ഥത്തില്‍ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവര്‍ണര്‍ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

🙏 മഴ ശക്തമായതിന് പിന്നാലെ പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി നല്‍കി.

🙏 കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജി സസ്പെന്‍ഡ് ചെയ്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

🙏 ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ സംസ്ഥാനത്തെ 4 സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു. സിപിഎം എതിര്‍പ്പ് മറികടന്നാണ് 4 പേരും പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുക്കുന്ന ഇന്നത്തെ പരിപാടിയില്‍ രാജ്യത്തെ നിരവധി സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം.

🙏 ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.

🙏 വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

🙏 മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. പദ്ധതി തുടങ്ങി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തതെന്നാണ് കണക്കുകള്‍.

🙏 തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടല്‍.

🙏 നെടുമങ്ങാട് റോഡില്‍ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരന്‍ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുന്‍പ് 25,000 രൂപയുടെ അടിയന്തര ധനസഹായം നല്‍കിയിരുന്ന കെഎസ്ഇബി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ തുക കൈമാറുകയായിരുന്നു.

🙏 കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്.

🙏 മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി. കൊല്ലം എരൂരില്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത്.

🇳🇪 ദേശീയം 🇳🇪

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതില്‍ വന്‍പ്രതിഷേധം. കത്തോലിക്ക കന്യാസ്ത്രീകള്‍ ആഗ്രയില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്കായി മൂന്നു പെണ്‍കുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോള്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കിയാണ് ജയിലിലടച്ചത്.

🙏 ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രവര്‍ത്തകര്‍ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പരിശോധിച്ചതായാണ് വിവരം.

🙏 ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാര്‍ക്കാകെ അഭിമാനമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെയ്സ് സ്റ്റാര്‍ട്ടപ്പുകളുടെ ഇന്ത്യയിലെ വളര്‍ച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 12 മറാത്ത കോട്ടകള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയതും, കൈത്തറി, ചരിത്ര ഗ്രന്ഥങ്ങളുടെ സംരക്ഷണം, ശുചിത്വമിഷന്‍ എന്നീ വിഷയങ്ങളെക്കുറിച്ചും മോദി മന്‍കീബാത്തില്‍ പരാമര്‍ശിച്ചു.

🙏 ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുമാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ കയ്യില്‍ നിന്ന് വന്‍ ആയുധ ശേഖരവും പിടികൂടി. ബിജാപ്പൂരിലെ വനമേഖലയില്‍ പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

🙏 ഒരാള്‍ക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ ഹരിദ്വാറിലെ മന്‍സാദേവി ക്ഷേത്രത്തില്‍ ഇന്നലെ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് പേര്‍ മരിച്ചു. 35ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

🙏 ബാല്‍ താക്കറെയുടെ മരണശേഷം ആദ്യമായി മാതോശ്രീയില്‍ കാലുകുത്തി രാജ് താക്കറെ. 13 വര്‍ഷത്തിന് ശേഷമാണ് ബാല്‍ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ രാജ് താക്കറെ എത്തുന്നത്. ഉദ്ധവ് താക്കറെയുടെ 65ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് പിണക്കം മറന്ന് രാജ് താക്കറെ എത്തിയത്. നേരത്തെ ഇരുവരും വേദി പങ്കിട്ടതും വലിയ വാര്‍ത്തയായിരുന്നു.

🙏 ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കൊളോണിയല്‍ കാലത്തെ പാഠ്യരീതിയുടെ സ്വാധീനമുണ്ടെന്നും ഇന്ത്യന്‍ തത്വചിന്തയില്‍ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം ആവശ്യമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ആര്‍എസ്എസുമായി ബന്ധമുള്ള ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ചിന്തന്‍ ബൈഠക് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🇦🇴 അന്തർദേശീയം 🇦🇺

🙏 ദുബൈ പൊലീസിലെ ആദ്യത്തെ വനിതാ ബ്രിഗേഡിയര്‍ ആയി ചരിത്രം കുറിച്ച് കേണല്‍ സമീറ അബ്ദുല്ല അല്‍ അലി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്ഥാനക്കയറ്റം.നിലവില്‍ സേനയുടെ ഇന്‍ഷുറന്‍സ് വിഭാഗം മേധാവിയാണ്.

🙏 തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 22,497 നിയമലംഘകര്‍ പിടിയിലായി. ജൂലൈ 18 മുതല്‍ 24 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

🙏 ബ്രിജിറ്റ് മക്രോണ്‍ പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കന്‍ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജിറ്റും. അമേരിക്കയിലെ പ്രമുഖ തീവ്രവലതുപക്ഷ അനുഭാവിയും കണ്‍സര്‍വേറ്റീവ് ഇന്‍ഫ്ളുവന്‍സറുമായ കാന്‍ഡേസ് ഓവന്‍സിനെതിരെയാണ് ഫ്രാന്‍സ് പ്രസിഡന്റും ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്.

🙏 ഗാസ മേഖലയില്‍ പട്ടിണി അതിരൂക്ഷമായതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളില്‍ സൈനിക നീക്കം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെര്‍-അല്‍-ബലാഹ്, ഗാസ സിറ്റി മേഖലയില്‍ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങള്‍ നടത്തില്ലെന്നാണ് പ്രഖ്യാപനം.

🙏വാട്ടര്‍ തീം പാര്‍ക്കിലെ റൈഡില്‍ അച്ഛനൊപ്പം കയറിയ ജര്‍മനിയില്‍ നിന്നുള്ള ഒന്നരവയസുകാരിക്ക് കോണ്‍ക്രീറ്റ് തറയില്‍ തലയടിച്ച് വീണ് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡില്‍ കയറിയ യുവാവിന്റെ കയ്യില്‍ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് സംഭവം.

🙏 തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്.

🙏കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഭീകരര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

🏏 കായികം

🙏 ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ വെള്ളിമെഡല്‍ നേടിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ അങ്കിത. യൂണിവേഴ്‌സിറ്റി മീറ്റിന്റെ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

🙏 ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടേയും വാഷിംഗ്ടണ്‍ സുന്ദറിന്റേയും പ്രതിരോധ മികവില്‍ ഇന്ത്യക്ക് വീരോചിത സമനില. 174 ന് 2 എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രാഹുലിനെയും ഗില്ലിനെയും നഷ്ടപ്പെട്ടെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 203 റണ്‍സ് കൂട്ടിച്ചേര്‍ത്ത രവീന്ദ്ര ജഡേജ- വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ സമനില പിടിച്ചത്.

Advertisement