കൊച്ചി.പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്ന് പരിഹാസം. മുസ്ലിം വിഭാഗത്തിന് കൂടുതൽ പരിഗണന കിട്ടുന്നെന്ന ആരോപണവും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു..ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
മലപ്പുറം ജില്ലയ്ക്കെതിരെയും മുസ്ലിം സമുദായത്തിനെതിരെയുമുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനകൾ തുടരുകയാണ്. മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ നടന്ന എസ്എൻഡിപി യോഗം നേതൃസംഗമത്തിലെ പ്രസംഗത്തിനിടയായിരുന്നു വി ഡി സതീശനെതിരായ അധിക്ഷേപം. പ്രതിപക്ഷ നേതാവിനെതിരായ പരാമർശത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് പരിപാടിക്ക് ശേഷവും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു.
വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പറഞ്ഞിരിക്കുമെന്ന് വി ഡി സതീശന്റെ മറുപടി.അതേ സമയം വിവാദ പരാമർശങ്ങൾ ആവർത്തിച്ചിട്ടും വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതിൽ വിമർശനം ശക്തമാണ്






































