വാർത്താനോട്ടം

Advertisement

2025 ജൂലൈ 25 വെള്ളി

BREAKING NEWS

👉 ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി.

👉പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം.പോലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറി.

👉യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.

👉ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു.

👉 സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

👉ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻ ഡി എ സ്ഥാനാര്‍ഥി ബിജെപിയില്‍ നിന്ന്; തീരുമാനം പ്രധാനമന്ത്രി തിരിച്ചെത്തിയശേഷം

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

🙏 മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് യോഗം അനുശോചിച്ചു.

🙏 മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂര്‍ സ്വദേശി പിടിയില്‍. ഇരിക്കൂര്‍ ചെറുവണ്ണികുന്നുമ്മല്‍ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

🙏 മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

🙏 ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറന്‍സിക് ഫലം ഇനിയും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടര്‍ നടപടികള്‍ തീരാന്‍ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം.

🙏 വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും 7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം താണലൂര്‍ സ്വദേശി അരുണ്‍.സി.പി (28 ) ആണ് കഞ്ചാവുമായി പിടിയിലായത്.

🙏 കാസര്‍കോട് ചെറുവത്തൂരില്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് പരാതി പറഞ്ഞു.

🙏 കോഴിക്കോട് കുറ്റ്യാടി ചൂരണിയില്‍ നാട്ടുകാര്‍ക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകള്‍ക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.സ്ഥലത്ത് തുടര്‍ച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

🙏 താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ലെന്നും ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും അമ്മ പ്രേമകുമാരി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

🙏 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകരയിലുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന് വിമര്‍ശനം. വടകരയിലെ തോല്‍വിക്ക് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം വഴിയൊരുക്കിയെന്നാണ് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.

🙏 കാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്.

🙏 ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

🙏 താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

🙏 റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി പെരുമ്പാവൂരില്‍ ഒരു വയസുകാരന്‍ മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു.

🙏 പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റയില്‍ നേഘ എന്ന യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

🙏 തൃശൂര്‍ അരിമ്പൂരില്‍ പിതാവിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാതെ മകന്‍ വീട് പൂട്ടിപ്പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

🙏 ഐടിഐ വിദ്യാര്‍ഥിനിയായ വെണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍. വെണ്ണിയൂര്‍ നെടിഞ്ഞല്‍ എ.ആര്‍ ഭവനില്‍ രാജം(54) ആണ് അറസ്റ്റിലായത്.

🇳🇪 ദേശീയം 🇳🇪

🙏 ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചത്. ‘ചരിത്രപരമായ ദിവസമെന്നും ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്നും മോദി പ്രതികരിച്ചു.

🙏 പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.

🙏 കേരളത്തിലെ ദേശീയപാത 66ല്‍ 15 ഇടങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയതായി കേന്ദ്രം. കൂരിയാട് ദേശീയപാത തകര്‍ച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. കൂരിയാട് സംരക്ഷണഭിത്തി തകര്‍ന്നതടക്കം 15 തകരാറുകളാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

🙏 കേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ശാസ്ത്രീയ പഠനമോ സാങ്കേതിക വിലയിരുത്തലോ നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു. ദേശീയപാതയില്‍ ഉണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങള്‍ അതത് കണ്‍സെഷനര്‍മാരോ കരാറുകാരോ സ്വന്തം ചെലവില്‍ പരിഹരിക്കണമെന്നും ഗഡ്കരി സ്ഥിരീകരിച്ചു.

🙏 മണിപ്പുരില്‍ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കും.

🙏 അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു.

🙏 അഹമ്മദാബാദില്‍ ബോയിംഗ് 787-ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണതിന് പിന്നാലെ, നാല് ദിവസത്തിന് ശേഷം 100-ലധികം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതായി ജൂനിയര്‍ വ്യോമയാന മന്ത്രി മുരളീധര്‍ മൊഹോള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

🙏 ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പുകഞ്ഞ് പാര്‍ലമെന്റ്. ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തില്‍ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. ജഗദീപ് ധന്‍കറിന്റെ രാജിയില്‍ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ ഉപാധ്യക്ഷന്‍ വ്യക്തമാക്കി.

🙏 മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടികാഴ്ച നടത്തി. ദില്ലിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു.

🙏 തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം സാധാരണനിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിച്ച് തുടങ്ങാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രിയില്‍ ഇരുന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകന യോഗങ്ങളില്‍ സ്റ്റാലിന്‍ പങ്കെടുത്തിരുന്നു.

🇦🇽 അന്തർദേശീയം 🇦🇽

🙏 ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നിന്റെ ഉടമയായ കോടീശ്വരനെ കാട്ടാന ചവിട്ടിക്കൊന്നു. സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യന്‍ കോണ്‍റാഡിയാണ് (39) കൊല്ലപ്പെട്ടത്. ജൂലൈ 22 ന് രാവിലെ 8 മണിക്ക് ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസര്‍വിലാണ് കാട്ടാന ആക്രമണമുണ്ടായത്.

🙏 സൗദി തലസ്ഥാന നഗരത്തില്‍ ഡ്രൈവറില്ലാതെ ഓടും ടാക്സി സര്‍വിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെല്‍ഫ് ഡ്രൈവിങ് ടാക്സി’ സര്‍വിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എന്‍ജി. സ്വാലിഹ് അല്‍ജാസര്‍ ഉദ്ഘാടനം ചെയ്തു.

🙏അമേരിക്കയിലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാദങ്ങള്‍ ട്രംപ് നിഷേധിച്ചു.

🙏 അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്‌ലാന്‍ഡിന്റെ ആരോപണം.

🙏 ‘തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ’. ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത്. മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലുമാണ് വിദ്വേഷകരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍.

🙏 ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം പ്രതിവര്‍ഷം 3,400 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ടെക്‌സ്റ്റൈല്‍, പാദരക്ഷകള്‍, ജെംസ്, ജുവലറി, എഞ്ചിനിയറിംഗ് എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകും.

🏏 കായികം 🏏

🙏 ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലില്‍ കടന്നതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയത്. ആവേശകരമായ രണ്ടാം സെമിയില്‍ ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയെ ടൈബ്രേക്കറില്‍ കീഴടക്കിയാണ് കൊനേരു ഹംപി ഫൈനലിലെത്തിയത്.

🙏 ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358 റണ്‍സിന് മറുപടിയായി 84 റണ്‍സെടുത്ത സാക് ക്രോളിയുടെയും 94 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്.

🙏 ഡബ്ല്യു ഡബ്ല്യു ഇ റസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 71 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Advertisement